ഡൽഹി : സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. മിൽമ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ കൊണ്ടുവന്ന ക്ഷീര സംഘം സഹകരണ ബിൽ രാഷ്ട്രപതി തള്ളി. മിൽമ ഭരണം പിടിക്കാനാനുള്ള ബില്ലാണ് രാഷ്ട്രപതി തള്ളിയത്. ഗവർണർ രാഷ്ടപതിക്കയച്ച ഏഴു ബില്ലുകളിൽ നാലാമത്തെ ബില്ലാണിപ്പോൾ രാഷ്ട്രപതി തള്ളിയത്.
ഇതോടെ മിൽമയുടെ ഭരണം പിടിക്കാനാകുമെന്ന സർക്കാരിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ക്ഷീര സംഘം അഡ്മിനിസ്ട്രേറ്റർക്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അധികാരം നൽകുന്നതായിരുന്നു ബിൽ. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്കും വോട്ട് ചെയ്യാൻ ബിൽ അധികാരം നൽകിയിരുന്നു.
ഇതിലൂടെ മിൽമയുടെ ഭരണം പിടിക്കാമെന്നായിരുന്നു സർക്കാരിൻറെ കണക്കുകൂട്ടൽ. ഇതിനാണിപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത്. സംസ്ഥാന നിയമസഭ പാസാക്കി ഗവർണർ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളിൽ ഇതുവരെ ഒന്നിന് മാത്രമാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. ലോകായുക്ത ബില്ലിൽ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടത്.
ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബില്ലിനും സർവകലാശാല നിയമ ഭേദഗതി ബില്ലിനും വൈസ് ചാൻസലർമാരെ നിർണയിക്കുന്ന സേർച്ച് കമ്മിറ്റിയിൽ ഗവർണറുടെ അധികാരം കുറക്കാനുള്ള ബില്ലിനും രാഷ്ട്രപതി നേരത്തെ അനുമതി നൽകിയിരുന്നില്ല.
ഈ മൂന്ന് ബില്ലുകളും രാഷ്ട്രപതിയുടെ ഓഫീസ് തിരിച്ചയക്കുകയായിരുന്നു. ക്ഷീര സംഘം സഹകരണ ബിൽ കൂടി തള്ളിയതോടെ ഇനി രണ്ട് ബില്ലുകളിൽ കൂടിയാണ് രാഷ്ട്രപതിയുടെ തീരുമാനം വരാനുള്ളത്. അതേസമയം ബില്ലുകൾക്ക് അംഗീകാരം നൽകാതിരിക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ടെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു. രാഷ്ട്രപതി തടഞ്ഞ ബില്ലുകൾ നടപ്പാകില്ലെന്നും ബില്ലുകൾക്ക് അംഗീകാരം നൽകാത്ത രാഷ്ട്രപതിയുടെ നടപടി ഇവ റദ്ദാകുന്നതിന് തുല്യമാണെന്നുമാണ് വിശദീകരണം.
ലോകായുക്താ ബില്ലിനൊപ്പം സർവ്വകലാശാല നിയമ ഭേദഗതി ബിൽ , ചാൻസ്ലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേർച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് ഗവർണർ അയച്ചത്.
നിയമസഭാ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിൽ ഏറെ നാൾ ഒപ്പിടാതെ വെച്ച ശേഷം ഒപ്പിട്ട ശേഷമായിരുന്നു മറ്റ് ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്. ഗവർണർമാർക്ക് ബില്ലുകൾ പാസാക്കുന്നതിൽ നിയമസഭയെ മറിടക്കാനാവില്ലെന്ന നിർണായക നിരീക്ഷണം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഗവർണറുടെ നീക്കം.