ഡൽഹി : സംസ്ഥാന സർക്കാരിന് വീണ്ടും തിരച്ചടി . സാങ്കേതിക സര്‍വകലാശാല മുൻ വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെതിരായ സംസ്ഥാന സർക്കാറിന്‍റെ ഹർജി സുപ്രീംകോടതി തള്ളി. സർക്കാരും തമ്മിലുള്ള പ്രശ്നത്തിൽ വ്യക്തികളായ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വാദം മുഴുവനായി പോലും കേൾക്കാതെയാണ് സർക്കാരിന്റെ ഹർജി കോടതി തള്ളിയത്.
ഡോ. സിസ തോമസിനെതിരായ നടപടി ഹൈകോടതി റദ്ദാക്കിയതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. യു.ജി.സി വ്യവസ്ഥകൾ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ തുടർന്ന് വൈസ് ചാൻസലർ സ്ഥാനത്തു നിന്ന് പുറത്തായ മുൻ വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീക്ക് പകരമാണ് സിസ തോമസിനെ ചാൻസലർ കൂടിയായ ഗവർണർ താൽകാലിക വി.സിയായി നിയമിച്ചത്.
ഗവർണറുടെ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഹൈകോടതിയെ സമീപിച്ചെങ്കിലും സിസ തോമസിന്‍റെ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചു. തുടർന്ന് സർക്കാറിന്‍റെ അനുമതി കൂടാതെ വി.സി സ്ഥാനം ഏറ്റെടുത്തെന്ന് ആരോപിച്ച് സിസ തോമസിന് കാരണം കാണിക്കൽ നോട്ടിസ് നൽകി. സർക്കാരിന്റെ നോട്ടിസിനെതിരെ സിസ തോമസ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ശിക്ഷാ നടപടികൾ തുടരാൻ ഉത്തരവിട്ടു.
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഉത്തരവിനെതിരെ സിസ ഹൈകോതിയെ സമീപിച്ചു. സർക്കാർ-യു.ജി.സി ചട്ടങ്ങൾ അനുസരിച്ചാണെന്നും സർക്കാറിന്‍റെ കാരണംകാണിക്കൽ നോട്ടീസ് നിയമപരമായി നിലനിൽക്കില്ലെന്നും ഡിവിഷൻ ബെഞ്ച് വിധിച്ചു. ഹൈകോടതിയുടെ ഈ വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.