സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കിട്ടാനുള്ളത് 22 ശതമാനം ഡി.എ
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ വർദ്ധിപ്പിക്കുന്നു. 4 ശതമാനമാണ് വർധന. ഇതോടെ ഡി.എ 46 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയരും.
മാർച്ച് മാസത്തെ ശമ്പളത്തിൽ പുതിയ ഡി.എ ലഭിക്കും. വർദ്ധിപ്പിച്ച ഡി.എയ്ക്ക് ജനുവരി 1 മുതൽ പ്രാബല്യം ഉണ്ട്. വർഷത്തിൽ 2 തവണയാണ് ഡി.എ വർദ്ധിപ്പിക്കുന്നത്.
ജനുവരിയിലും ജൂലൈയിലും ആണ് ഡി.എ വർധന.കേന്ദ്രം അടിക്കടി ഡി.എ വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും ഐ എ എസ് ഉൾപ്പെടെയുള്ള ആൾ ഇന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് കേരളത്തിൽ 42 ശതമാനം മാത്രമാണ് ഡി.എ ലഭിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ വർധിപ്പിച്ച 4 ശതമാനം ഡി.എ ഇവർക്ക് ലഭിച്ചില്ല.
മറ്റ് സംസ്ഥാനങ്ങളിലെ ഐ എ എസ് ഓഫിസർമാർക്ക് 46 ശതമാനം ഡി.എ കിട്ടുമ്പോൾ കേരളത്തിലെ ഐ എ എസുകാർക്ക് ലഭിക്കുന്നത് 42 ശതമാനം മാത്രമാണ്. ഇത് ചൂണ്ടികാട്ടി ഡി.എ വർധന ആവശ്യപ്പെട്ട് ഐ.എ എസ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു.
ജനുവരി 1 മുതലുള്ള 4 ശതമാനം കൂടിയാകുമ്പോൾ കേരളത്തിലെ ഐ എ എസ് ഉദ്യോഗസ്ഥർ 2 ഗഡു ഡി.എ കുടിശിക ആകും. അടിസ്ഥാന ശമ്പളത്തിൻ്റെ 8 ശതമാനം ഇവർക്ക് ഓരോ മാസവും നഷ്ടപ്പെടും. കേരളത്തിലെ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവസ്ഥ ഇതിലും പരിതാപകരമാണ്. 7 ഗഡുവാണ് കുടിശിക.
22 ശതമാനം ആണ് ഡി.എ/ ഡി.ആർ ആണ് ഇവർക്ക് കിട്ടാനുള്ളത്. ഇതിൽ ആദ്യ ഗഡുവായ 2 ശതമാനം ഡി.എ ഏപ്രിൽ മാസത്തെ ശമ്പളത്തിലും പെൻഷനിലും കൊടുക്കുമെന്ന് ധനമന്ത്രി ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപനം നടത്തിയെങ്കിലും നാളിതു വരെയായി ഉത്തരവ് ഇറങ്ങിയിട്ടില്ല.
ശമ്പളം കൊടുക്കാൻ പണമില്ല, പിന്നെങ്ങനെ ഡി.എ കൊടുക്കുമെന്നാണ് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ചോദിക്കുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച ഡി.എ തരാൻ സാധിക്കുമെന്ന് തോന്നുന്നില്ല എന്ന മൂൻകൂർ ജാമ്യം എം.വി ഗോവിന്ദൻ കഴിഞ്ഞ ദിവസം എടുത്തിരുന്നു. 3 വർഷമായി ഡി.എ കിട്ടാത്ത സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും എം.വി ഗോവിന്ദൻ്റെ പ്രസ്താവനയോടെ ആശങ്കയിലാണ്.