പത്തനംതിട്ട: പത്തനംതിട്ടയിൽ ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മയും ക്ഷേത്രഭാരവാഹികളും പ്രതികൾ. ക്ഷേത്രഭരണ സമിതി പ്രസിഡൻ്റ്, സെക്രട്ടറി എന്നിവരെയാണ് പ്രതി ചേർത്തത്. ജെ ജെ ആക്ട് (ജുവനൈൽ ജസ്റ്റിസ് കെയർ ആന്റ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ആക്ട്) കൂടി ഉൾപ്പെടുത്തിയാണ് കേസ്. ഏഴംകുളം ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെയാണ് കുഞ്ഞ് വീണത്.
തൂക്കവില്ലിലെ തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തിരുന്നു. സിനുവിന്റെ അശ്രദ്ധകൊണ്ടാണ് കുഞ്ഞ് വീണ് പരിക്കേറ്റതെന്നാണ് എഫ്‌ഐആർ. പത്തു മാസം പ്രായമുള്ള കുഞ്ഞാണു മൂന്നാൾ പൊക്കത്തിൽനിന്നു താഴെവീണത്. തൂക്കക്കാരന്റെ കയ്യിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. തൂക്കുവില്ല് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നതിനിടെയായിരുന്നു അപകടം.
മാതാപിതാക്കൾ വഴിപാടായാണ് തൂക്കം നടത്തിയത്. കുഞ്ഞിന്റെ കഴുത്തിൽ പൊട്ടലുണ്ടായിരുന്നു. ചികിത്സയിലുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ ആദ്യം പരാതിയൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. വിവരം പുറത്തറിഞ്ഞതോടെ ബാലാവകാശ കമ്മീഷൻ ഇടപെടുകയും നടപടിയെടുക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. ബാലാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരം ശിശുക്ഷേമ സമിതിയും അന്വേഷണം നടത്തുന്നുണ്ട്.