
കൊച്ചി: ഓണക്കാലത്ത് വെളിച്ചെണ്ണ വില കിലോഗ്രാമിന് 520 രൂപ കടക്കുമെന്ന ആശങ്കകൾക്ക് വിരാമം. സർക്കാർ സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ വിപണിയിൽ എത്തിച്ചതോടെയാണ് വില ഇടിഞ്ഞത്. ഓണവിപണിയെ പിടിച്ചുലയ്ക്കുമെന്ന് കരുതിയ വിലക്കയറ്റത്തിന് തടയിടാൻ സർക്കാരിന്റെ ഇടപെടലിന് സാധിച്ചു.
കഴിഞ്ഞ ആഴ്ചകളിൽ 480 രൂപ വരെ ഉയർന്ന ശുദ്ധമായ വെളിച്ചെണ്ണയുടെ വില ഇപ്പോൾ പൊതുവിപണിയിൽ 380-400 രൂപ നിലവാരത്തിലേക്ക് താഴ്ന്നു. സർക്കാർ സബ്‌സിഡി ഉൽപ്പന്നമായ ‘ശബരി’ വെളിച്ചെണ്ണയുടെ വില ആദ്യം 349 രൂപയായിരുന്നത് പിന്നീട് 339 രൂപയായി കുറച്ചതും വിപണിയിൽ വലിയ ചലനമുണ്ടാക്കി. സാധാരണ സമയത്തേക്കാൾ ഇരട്ടി കച്ചവടം നടക്കുന്ന ഓണക്കാലത്ത് കുറഞ്ഞ വിലയിൽ വെളിച്ചെണ്ണ ലഭ്യമായത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി.
എന്നാൽ, വിപണിയിലെ ഈ മാറ്റം കേരഫെഡിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 299 രൂപയ്ക്ക് കൊപ്ര സംഭരിച്ച് ‘കേര’ വെളിച്ചെണ്ണ വിപണിയിലെത്തിച്ചെങ്കിലും വിൽപ്പനയിൽ വലിയ ഇടിവുണ്ടായി. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ പോലും 445 രൂപയ്ക്കാണ് കേര വെളിച്ചെണ്ണ വിൽക്കുന്നത്. ഉയർന്ന വില കാരണം വിപണിയിലെ ഒന്നാം നമ്പർ ബ്രാൻഡിന് ആവശ്യക്കാർ കുറയുകയായിരുന്നു. തമിഴ്‌നാട് വിപണിയിൽ കൊപ്ര വില കിലോയ്ക്ക് 275 രൂപയിൽ നിന്ന് 220 രൂപയിലേക്ക് താഴ്ന്നതും കേരഫെഡിന് തിരിച്ചടിയായി.
വിലക്കയറ്റത്തിന്റെ മറവിൽ വ്യാജ വെളിച്ചെണ്ണയും വിപണിയിൽ വ്യാപകമായിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. പ്രധാനമായും പാം കെർണൽ ഓയിലാണ് വെളിച്ചെണ്ണയിൽ ചേർക്കുന്ന മായം. ഇവ രണ്ടും തമ്മിൽ വേർതിരിച്ചറിയാൻ ഒരു എളുപ്പവഴിയുണ്ട്. ശുദ്ധമായ വെളിച്ചെണ്ണ 24 ഡിഗ്രി സെൽഷ്യസിൽ കട്ടിയാകുമ്പോൾ, പാം കെർണൽ ഓയിൽ 26 ഡിഗ്രി സെൽഷ്യസിൽ തന്നെ കട്ടിയാകും. അതിനാൽ, വാങ്ങിയ വെളിച്ചെണ്ണ ഫ്രിഡ്ജിൽ വെച്ച് ശുദ്ധത ഉറപ്പുവരുത്താൻ സാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.