MediaNews

റിപ്പോർട്ടർ ചാനലിലെ ലൈംഗികാതിക്രമം; മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടണമെന്ന് വി.ടി. ബൽറാം, ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു

കൊച്ചി: റിപ്പോർട്ടർ ചാനലിൽ വനിതാ മാധ്യമപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടന്നുവെന്ന ആരോപണം ശക്തമാകുന്നു. ഈ വിഷയത്തിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം ആവശ്യപ്പെട്ടു. മുതിർന്ന മാധ്യമപ്രവർത്തകൻ നടത്തിയ അതിക്രമം മാത്രമല്ല, അതിജീവിതയെ പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച മറ്റ് മുതിർന്ന മാധ്യമപ്രവർത്തകരും, പിന്നീട് അവരെ രാജിക്ക് കാരണമായ ചാനൽ മാനേജ്‌മെൻ്റും പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് വി.ടി. ബൽറാം ആരോപിച്ചു. അതിജീവിതയായ മാധ്യമപ്രവർത്തക സോഷ്യൽ മീഡിയയിലൂടെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെക്കുറിച്ചുള്ള പ്രതികരണത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടത്.

വനിതാ മാധ്യമപ്രവർത്തകയുടെ വാക്കുകള്‍ ഇങ്ങനെ..

റിപ്പോർട്ടർ ചാനലിലെ ഒരു മുതിർന്ന മാധ്യമപ്രവർത്തകനിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് അവർ കുറിപ്പിൽ പറയുന്നു. വിഷയം അപ്പോൾ തന്നെ തൻ്റെ അടുത്ത സുഹൃത്തുക്കളായിരുന്ന രണ്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞപ്പോൾ, പരാതി നൽകരുതെന്നായിരുന്നു അവരുടെ ഉപദേശം. “അത്തരത്തിൽ ഒരാൾക്കെതിരെ പരാതി നൽകിയാൽ നഷ്ടം നിനക്കായിരിക്കും” എന്നായിരുന്നു അവരുടെ മറുപടിയെന്നും, ആ ഉപദേശം ശരിയാണെന്ന് തനിക്ക് തോന്നിയതുകൊണ്ടാണ് പരാതി നൽകാൻ മടിച്ചതെന്നും അവർ വ്യക്തമാക്കി.

തുടർന്ന്, സംഭവം നടന്നതിന് ശേഷം തനിക്ക് ജോലിയിൽ മാനസിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായും അവർ പറയുന്നു. മെഡിക്കൽ എമർജൻസി ഉണ്ടായിട്ടും തനിക്ക് അവധി നിഷേധിച്ചതായും, കുറച്ചുനാൾ ബുദ്ധിമുട്ടിച്ച് തന്നെ രാജിക്ക് നിർബന്ധിക്കുക എന്നതായിരുന്നു മാനേജ്‌മെൻ്റിൻ്റെ ലക്ഷ്യമെന്നും അവർ ആരോപിച്ചു. ഈ മാനസികാവസ്ഥയിൽ ജോലിയിൽ തുടരാൻ സാധിക്കാതെ വന്നപ്പോൾ വീട്ടിൽ പോലും പറയാതെ താൻ രാജിക്കത്ത് നൽകിയെന്നും അവർ കുറിപ്പിൽ വിശദീകരിക്കുന്നു.

മാധ്യമ സ്ഥാപനങ്ങൾക്കുള്ളിൽ നടക്കുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് ആരും ചർച്ച ചെയ്യാറില്ലെന്നും, ഒരു പരാതി നൽകാൻ യുവതികൾ ഭയപ്പെടുന്നതിന് പല കാരണങ്ങളുണ്ടാകാമെന്നും അവർ കുറിപ്പിൽ പറയുന്നു.