BusinessNews

സുവർണ്ണനേട്ടം: ഇൻഡിഗോ സഹസ്ഥാപകൻ രാകേഷ് ഗാംഗ്‌വാൾ 1.45 ലക്ഷം കോടി രൂപയുടെ ലാഭവുമായി പടിയിറങ്ങുന്നു

ബെംഗളൂരു: ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു വിടവാങ്ങലാണ് ഇൻഡിഗോ സഹസ്ഥാപകൻ രാകേഷ് ഗാംഗ്‌വാൾ നടത്തുന്നത്. 2006-ൽ 114.7 കോടി രൂപ നിക്ഷേപിച്ച അദ്ദേഹം, 20 വർഷത്തിനുള്ളിൽ അത് 1,45,000 കോടിയായി (ഏകദേശം 5 ബില്യൺ ഡോളർ) വളർത്തിയാണ് കമ്പനിയിൽ നിന്ന് പടിയിറങ്ങുന്നത്. ഇൻഡിഗോയെ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയാക്കി മാറ്റിയ അദ്ദേഹത്തിന്റെ വ്യോമയാന വൈദഗ്ധ്യം ഈ യാത്രയിൽ നിർണായകമായിരുന്നു.

വലിയ വരുമാനമുണ്ടാക്കി രാകേഷ് ഗാംഗ്‌വാൾ നടത്തിയ ഈ ഓഹരി വിൽപ്പന, 2018-ൽ ഫ്ലിപ്കാർട്ട് വാൾമാർട്ടിന് വിറ്റപ്പോൾ സച്ചിൻ, ബിന്നി ബൻസാൽമാർ നേടിയ ഒരു ബില്യൺ ഡോളറിനേക്കാൾ വളരെ കൂടുതലാണ്. ഈ നൂറ്റാണ്ടിൽ ഒരു ഇന്ത്യൻ സ്ഥാപകൻ നടത്തിയ ഏറ്റവും വിജയകരമായ ഓഹരി വിൽപ്പനകളിലൊന്നായാണ് ഈ നേട്ടം കണക്കാക്കപ്പെടുന്നത്. “രണ്ട് പതിറ്റാണ്ടിനുള്ളിൽ 115 കോടി രൂപയുടെ നിക്ഷേപം ഇത്രയും വലിയ വരുമാനം നൽകുന്നത് അവിശ്വസനീയമാണ്. ഒരു നോൺ-ടെക് കമ്പനിയിൽ ഒരു സ്ഥാപകൻ നടത്തുന്ന ഏറ്റവും വിജയകരമായ വിടവാങ്ങലായി ഇത് കണക്കാക്കാം,” ബെംഗളൂരുവിലെ ഒരു നിക്ഷേപകൻ പേര് വെളിപ്പെടുത്താതെ പറഞ്ഞു.

പ്രമുഖ വ്യോമയാന വിദഗ്ധനായ ഗാംഗ്‌വാൾ, ഇന്ത്യയുടെ വരാനിരിക്കുന്ന വ്യോമയാന വിപണിയിലെ കുതിച്ചുചാട്ടത്തിൽ വിശ്വാസമർപ്പിച്ചാണ് രാഹുൽ ഭാട്ടിയയുമായി ചേർന്ന് ഇൻഡിഗോ ആരംഭിച്ചത്. ഒരു ഡസനിലേറെ വിമാനക്കമ്പനികൾക്ക് തിരിച്ചടിയായ ഈ വിപണിയിൽ, ഇൻഡിഗോയ്ക്ക് ഇത് ഒരു സ്വർണ്ണഖനിയായി മാറി. കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകി ഇൻഡിഗോ വളരെ വേഗത്തിൽ വളരുകയും, അതിൻ്റെ മൂല്യം അതിനനുസരിച്ച് വർധിക്കുകയും ചെയ്തു. കമ്പനിയുടെ ഐപിഒ പ്രോസ്പെക്ടസ് അനുസരിച്ച്, ഇൻ്റർഗ്ലോബ് എൻ്റർപ്രൈസസിൻ്റെ 48% ഓഹരികൾ സ്വന്തമാക്കാൻ ഗാംഗ്‌വാൾ 114.7 കോടി രൂപയാണ് മുടക്കിയത്. 2015-ൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഇൻഡിഗോയിൽ 2021 ഡിസംബറിലെ കണക്കുകൾ പ്രകാരം ഗാംഗ്‌വാളിന്റെ ഓഹരി 36.6% ആയിരുന്നു.

2022 സെപ്റ്റംബറിൽ ആരംഭിച്ച 15 ഓഹരി വിൽപ്പനകളിലൂടെ, അദ്ദേഹം 32.5% ഓഹരികൾ വിറ്റഴിക്കുകയും ഏകദേശം 45,146 കോടി രൂപ നേടുകയും ചെയ്തു. ഇതോടെ ഇൻഡിഗോയിലെ തന്റെ ഓഹരിയുടെ 90%വും ഗാംഗ്‌വാൾ വിറ്റഴിച്ചു. ഏറ്റവും പുതിയ ബ്ലോക്ക് ഡീലിലൂടെ 3.1% ഓഹരികൾ കൂടി വിറ്റതോടെ, അദ്ദേഹത്തിന് ഇൻഡിഗോയിൽ ഇനി 4.1% ഓഹരികളാണുള്ളത്. ഇതിന് 9,580 കോടി രൂപ മൂല്യമുണ്ട്. അതേസമയം, സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ രാഹുൽ ഭാട്ടിയയുടെ കൈവശം 35.7% ഓഹരികളുണ്ട്. ഇതിൻ്റെ ഇന്നത്തെ വിപണി മൂല്യം 83,415 കോടി രൂപയാണ്.

ഏകദേശം 64% വിപണി വിഹിതവുമായി ഇൻഡിഗോ നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ്. ജെറ്റ് എയർവേയ്‌സ്, കിംഗ്‌ഫിഷർ, ഗോഎയർ തുടങ്ങിയ നിരവധി വിമാനക്കമ്പനികൾക്ക് പിടിച്ചുനിൽക്കാൻ സാധിക്കാതെപോയ വ്യോമയാന മേഖലയിലാണ് ഇൻഡിഗോ ഈ നേട്ടം കൈവരിച്ചത്.

ഐഐടി കാൺപൂരിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും പിന്നീട് പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ വാർട്ടൺ സ്കൂളിൽ നിന്ന് എംബിഎയും നേടിയ വ്യക്തിയാണ് അമേരിക്കൻ പൗരനായ ഗാംഗ്‌വാൾ. യുണൈറ്റഡ് എയർലൈൻസ്, എയർ ഫ്രാൻസ്, യുഎസ് എയർവേയ്‌സ് തുടങ്ങി ലോകോത്തര വിമാനക്കമ്പനികളിൽ 17 വർഷം പ്രവർത്തിച്ച അദ്ദേഹത്തിൻ്റെ പരിചയസമ്പത്ത് ഇൻഡിഗോയുടെ വിജയത്തിന് പ്രധാന ഘടകമായി.

‘സെയിൽ-ആൻഡ്-ലീസ്-ബാക്ക്’ എന്ന വിമാന സാമ്പത്തിക മോഡലിന്റെ സൂത്രധാരൻ ഗാംഗ്‌വാൾ ആയിരുന്നു. ഈ മോഡൽ വഴി എയർബസ്, ബോയിംഗ് തുടങ്ങിയ കമ്പനികളിൽ നിന്ന് മൊത്തമായി വിമാനങ്ങൾ ഓർഡർ ചെയ്യുമ്പോൾ ആകർഷകമായ ഡീലുകൾ നേടാൻ ഇൻഡിഗോയ്ക്ക് കഴിഞ്ഞു. പിന്നീട് ഈ വിമാനങ്ങൾ ലീസിംഗ് കമ്പനികൾക്ക് കൂടിയ വിലയ്ക്ക് വിൽക്കുകയും, അതേ വിമാനങ്ങൾ തന്നെ ഇൻഡിഗോ മാസ വാടകയ്ക്ക് തിരികെ എടുക്കുകയും ചെയ്യുന്ന രീതിയാണിത്. ഇത് വലിയ മൂലധന നിക്ഷേപം നടത്താതെ തന്നെ വിമാനങ്ങളുടെ എണ്ണം കൂട്ടാൻ കമ്പനിയെ സഹായിച്ചു.

2019-ൽ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയും 2022-ൽ രാകേഷ് ഗാംഗ്‌വാൾ ബോർഡ് ഓഫ് ഡയറക്ടർ സ്ഥാനത്തു നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുകയും, 2027-ഓടെ ഓഹരികൾ വിൽക്കാൻ ഗാംഗ്‌വാൾ തീരുമാനിക്കുകയും ചെയ്തു.