
കാട്ടാക്കട: അതിവേഗ പോക്സോ കോടതിയിൽ തീപ്പിടിത്തം ഉണ്ടായ സംഭവത്തിൽ കോടതിയിലെ സീനിയർ ക്ലാർക്കായ ശ്രീലാൽ നായരെ (37) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോടതിയിൽ പിഴയായി ലഭിച്ച പണം തിരിമറി നടത്തിയ കേസിൽ ജയിലിലായിരുന്ന ശ്രീലാൽ, തീപ്പിടിത്തക്കേസിലെ പ്രതിയാണെന്ന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് കണ്ടെത്തി.

കാട്ടാക്കട ബസ് ഡിപ്പോയ്ക്ക് എതിർവശത്തുള്ള കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ ജൂലൈ 14-ന് രാത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. തുടക്കത്തിൽ കാട്ടാക്കട പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ കോടതി സ്റ്റാഫ് അല്ലാതെ പുറത്തുനിന്നുള്ള ആർക്കും കൃത്യം ചെയ്യാൻ കഴിയില്ലെന്ന് കണ്ടെത്തി. കൂടാതെ, കോടതിയിലെ ജീവനക്കാരുടെ മൊഴികളും ശ്രീലാൽ നായർക്ക് എതിരായിരുന്നു.
തീപ്പിടിത്തമുണ്ടായ മുറിയിലും കോടതി ഓഫീസിലും അന്നേദിവസം ശ്രീലാൽ മാത്രമാണ് ഉണ്ടായിരുന്നതെന്നും, ഇയാൾ വൈകിയാണ് മുറി പൂട്ടി താക്കോലുമായി പോയതെന്നും മൊഴികളിൽ നിന്ന് വ്യക്തമായിരുന്നു. ഓൺലൈൻ ഗെയിമിങ്ങിലൂടെ ശ്രീലാൽ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുത്തിയതായി പോലീസിന് തെളിവുകൾ ലഭിച്ചു. കോടതിയിൽ പിഴത്തുകയായി ലഭിച്ച ഒരു ലക്ഷം രൂപ തിരിമറി നടത്തിയ കേസില്‍ ജയിലിലായിരുന്ന ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് തീപ്പിടിത്തം നടത്തിയതായി സ്ഥിരീകരിച്ചത്. തിരിമറിയുടെ തെളിവുകൾ നശിപ്പിക്കാനാണ് തീയിട്ടതെന്നാണ് പോലീസ് നിഗമനം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. വിനുകുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്.