Business

ഹരിത ഊർജ്ജ യാത്രയിൽ അംബാനിയെക്കാള്‍ വേഗതയില്‍ അദാനി ഗ്രൂപ്പ്

ന്യൂഡൽഹി: ഇന്ത്യയിലെ അതിസമ്പന്നരായ രണ്ട് വ്യവസായികളാണ് ഗൗതം അദാനിയും മുകേഷ് അംബാനിയും. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇരുവരും ഹരിത ഊർജ്ജ മേഖലയിൽ വലിയ നിക്ഷേപമാണ് നടത്തിയത്. എന്നാൽ, സമാനമായ ലക്ഷ്യങ്ങളുണ്ടായിട്ടും ഈ ‘പുതിയ ഊർജ്ജ’ മേഖലയിലേക്കുള്ള ഇവരുടെ യാത്രകൾ വ്യത്യസ്ത വഴികളിലൂടെയാണ്. അദാനി ഗ്രൂപ്പ് അതിവേഗം മുന്നോട്ട് പോകുമ്പോൾ റിലയൻസ് ഗ്രൂപ്പിന്റെ പദ്ധതികൾ ലക്ഷ്യമിട്ടതിനേക്കാൾ വളരെ പിന്നിലാണ്.

2015-ൽ അദാനി ഗ്രീൻ എനർജി സ്ഥാപിച്ചുകൊണ്ട് അദാനി ഗ്രൂപ്പ് ഹരിത ഊർജ്ജ രംഗത്തേക്ക് കടന്നു. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ ഉൽപ്പാദകരാണ് അദാനി ഗ്രൂപ്പ്. അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് (ANIL) വഴി സോളാർ സെല്ലുകൾ, മൊഡ്യൂളുകൾ, വിൻഡ് ടർബൈനുകൾ എന്നിവ ഉൽപ്പാദിപ്പിക്കുന്ന മുൻനിര കമ്പനികളിലൊന്നുമായി അവർ മാറി. 2025 സാമ്പത്തിക വർഷത്തിൽ ഗ്രൂപ്പിന്റെ പുതിയ ഊർജ്ജ ബിസിനസുകൾ 25,000 കോടി രൂപ വരുമാനം നേടി.

അതേസമയം, 15 വർഷത്തിനുള്ളിൽ പുത്തൻ ഊർജ്ജ മേഖലയിലും പുതിയ അസംസ്കൃത വസ്തുക്കളിലും റിലയൻസ് ലോകനേതാവാകുമെന്ന് 2020-ലെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ (RIL) വാർഷിക പൊതുയോഗത്തിൽ (AGM) അംബാനി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അതിനുശേഷമുള്ള പുരോഗതി വളരെ മന്ദഗതിയിലായിരുന്നു. റിലയൻസിന്റെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള മുന്നൂറിലധികം സബ്സിഡിയറികളിൽ നാല് ഡസനോളം കമ്പനികൾ പുതിയ ഊർജ്ജ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, അവയിൽ നിന്നുള്ള വരുമാനം റിലയൻസിന്റെ 10 ലക്ഷം കോടി രൂപയുടെ മൊത്തം വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ തുച്ഛമാണ്.

പദ്ധതികളും പുരോഗതിയും

2022-ലെ AGM-ൽ 2025-ഓടെ 20 GW സോളാർ ശേഷി നേടുമെന്ന് അംബാനി പ്രഖ്യാപിച്ചിരുന്നു, എന്നാൽ ഈ ലക്ഷ്യത്തിൽ നിന്ന് റിലയൻസ് ഏറെ പിന്നിലാണ്. ജാംനഗറിൽ 10 GW സോളാർ സെൽ നിർമ്മാണശാലയുടെ ആദ്യ ഘട്ടം ഈ വർഷം ആദ്യം കമ്മീഷൻ ചെയ്തെങ്കിലും, ഇത് 2024-ഓടെ പൂർത്തിയാക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്.

2021-ൽ ശുദ്ധ ഊർജ്ജത്തിലേക്കുള്ള മാറ്റത്തിനായി 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് റിലയൻസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തെ അപേക്ഷിച്ച് 2025 സാമ്പത്തിക വർഷത്തിൽ മാത്രമേ നിക്ഷേപങ്ങൾ വേഗത്തിലാക്കിയുള്ളൂവെന്ന് കൊട്ടക് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. “മൊത്തത്തിലുള്ള പുരോഗതി ആദ്യ പദ്ധതികളെ അപേക്ഷിച്ച് വളരെ മന്ദഗതിയിലാണ്,” എന്നും അവർ ചൂണ്ടിക്കാട്ടുന്നു.

രണ്ട് ഗ്രൂപ്പുകളും സോളാർ വേഫറുകളും ഇൻഗോട്ടുകളും നിർമ്മിക്കാനും അതുവഴി സോളാർ സെല്ലുകളുടെ മുഴുവൻ മൂല്യശൃംഖലയും സ്വന്തമാക്കാനും ലക്ഷ്യമിടുന്നു. പുനരുപയോഗ ഊർജ്ജ ഉൽപ്പാദിപ്പിക്കാൻ സോളാർ മൊഡ്യൂളുകളും വിൻഡ് ടർബൈനുകളും സ്ഥാപിക്കാനും ഇരുവർക്കും പദ്ധതിയുണ്ട്. അദാനി 2030-ഓടെ 50 GW പുനരുപയോഗ ഊർജ്ജ ശേഷി സ്ഥാപിക്കാൻ പദ്ധതിയിടുമ്പോൾ, റിലയൻസിൻ്റെ ലക്ഷ്യം അതിൻ്റെ ഇരട്ടിയാണ് – 100 GW.

പുനരുപയോഗ ഊർജ്ജം സംഭരിക്കുന്ന കാര്യത്തിലും ഇരുവരും വ്യത്യസ്ത വഴികളാണ് തേടുന്നത്. അദാനി ഗ്രൂപ്പ് പ്രാഥമികമായി പമ്പ്ഡ് ഹൈഡ്രോ സ്റ്റോറേജ് പ്ലാൻ്റുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2030-ഓടെ 5 GW സംഭരണ ശേഷിയാണ് ലക്ഷ്യമിടുന്നത്. അതേസമയം, റിലയൻസ് ഗ്രൂപ്പ് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. ജാംനഗറിൽ 30 GWh ശേഷിയുള്ള ബാറ്ററി സെൽ നിർമ്മാണ പ്ലാൻ്റ് നിർമ്മിക്കുന്നുണ്ട്. 2021-നും 2022-നും ഇടയിൽ റിലയൻസ് ബ്രിട്ടീഷ് സോഡിയം-അയോൺ ബാറ്ററി സ്ഥാപനമായ ഫരാഡിയോണും ചൈനീസ് ബാറ്ററി നിർമ്മാതാക്കളായ ലിഥിയം വർക്ക്സും വാങ്ങിയിരുന്നു. എന്നാൽ നാല് വർഷങ്ങൾക്കിപ്പുറവും റിലയൻസിൻ്റെ ബാറ്ററി പദ്ധതി ആരംഭിച്ചിട്ടില്ല.

അവസാനമായി, രണ്ട് ഗ്രൂപ്പുകളും അവരുടെ ഹരിത ഊർജ്ജം ഉപയോഗിച്ച് ഇലക്ട്രോലൈസിസ് വഴി ഗ്രീൻ ഹൈഡ്രജൻ നിർമ്മിക്കാനും ലക്ഷ്യമിടുന്നു. ഇലക്ട്രോലൈസർ നിർമ്മാണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇരു കമ്പനികളും ഷോർട്ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

പുതിയ ഊർജ്ജ വ്യവസായത്തിൽ അദാനിയാണ് ഇപ്പോഴും മുന്നിൽ. ഒരു പതിറ്റാണ്ട് മുൻപ്, 2015-ൽ ഈ മേഖലയിൽ പ്രവേശിച്ചതിലൂടെ ലഭിച്ച മുൻകൈയാണ് ഇതിന് പ്രധാന കാരണം.