CrimeNewsThiruvananthapuram

കൊള്ളപ്പലിശ: യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു; 2 ലക്ഷം രൂപയും ആഡംബര കാറുകളുമായി പണമിടപാടുകാരൻ അറസ്റ്റിൽ

പാറശ്ശാല: കൊള്ളപ്പലിശ നൽകി യുവാവിനെ കടക്കെണിയിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ സ്വകാര്യ പണമിടപാടുകാരനെ പാറശ്ശാല പോലീസ് അറസ്റ്റ് ചെയ്തു. ഉദിയൻകുളങ്ങരയ്ക്ക് സമീപം കൊറ്റാമം കുണ്ടുവിള വീട്ടിൽ ഹരൻമോഹൻ എന്ന ഹരൻ (30) ആണ് അറസ്റ്റിലായത്. പ്രതിയുടെ നിരന്തരമായ ഭീഷണിയെ തുടർന്ന് പണം കടംവാങ്ങിയ ചെങ്കൽ മര്യാപുരം സ്വദേശി വിശാഖ് വിജയൻ ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

2023-ലാണ് വിശാഖ്, ഹരൻമോഹന്റെ കയ്യിൽ നിന്ന് ആറര ലക്ഷം രൂപ കാർ പണയപ്പെടുത്തി കടം വാങ്ങിയത്. നൂറുരൂപക്ക് 10 രൂപ എന്ന കൊള്ളപ്പലിശയാണ് ഇയാൾ ഈടാക്കിയിരുന്നത്. ഒന്നര വർഷത്തിനിടെ വിശാഖ് 17 ലക്ഷം രൂപ തിരിച്ചടച്ചെങ്കിലും, ഈ തുക മുഴുവൻ പലിശയിനത്തിൽ വരവ് വെച്ച പ്രതി, മുതലായ ആറര ലക്ഷം രൂപയ്ക്ക് വേണ്ടി നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. ഈടായി വാങ്ങിയ വിശാഖിന്റെ കാറും വിട്ടുനൽകിയില്ല.

ഭീഷണി സഹിക്കവയ്യാതെ വിശാഖ് ആത്മഹത്യയുടെ വക്കിലെത്തിയപ്പോഴാണ് കുടുംബം വിവരമറിയുന്നത്. തുടർന്ന് വിശാഖിന്റെ പിതാവ് ഈ മാസം 19-ന് മുഖ്യമന്ത്രിക്കു പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്പിയുടെ നിർദേശപ്രകാരം പാറശ്ശാല എസ്.എച്ച്.ഒ അനിൽകുമാറിന്റെയും എസ്.ഐ ദീപുവിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം ഹരൻമോഹന്റെ വീട്ടിൽ പരിശോധന നടത്തി.

പരിശോധനയിൽ, കണക്കിൽപ്പെടാത്ത രണ്ട് ലക്ഷം രൂപ, നാല് ആഡംബര കാറുകൾ, ഏഴ് വാഹനങ്ങളുടെ ആർ.സി ബുക്കുകൾ, അഞ്ച് ചെക്ക് ലീഫുകൾ, മറ്റ് നിരവധി പേർക്ക് അമിത പലിശക്ക് പണം നൽകിയതിന്റെ രേഖകൾ എന്നിവ പോലീസ് കണ്ടെടുത്തു. തുടർന്നാണ് ഹരൻമോഹനെ അറസ്റ്റ് ചെയ്തത്. മണി ലെൻഡേഴ്സ് ആക്ട് പ്രകാരം കേസെടുത്ത പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.