CrimeNewsThiruvananthapuram

ശംഖുംമുഖത്ത് എസ്ഐയെ ഇടിച്ച് മൂക്ക് തകർത്തു; വിനോദസഞ്ചാരികളെ ഭീഷണിപ്പെടുത്തി, കൊലക്കേസ് പ്രതിയടക്കം അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ശംഖുംമുഖം ബീച്ചിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം. വിനോദസഞ്ചാരികളെ ഭീഷണിപ്പെടുത്തുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്ത സംഘം, വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചു. വലിയതുറ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഒ. ബിജുവിന്റെ മൂക്കിന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കൊലക്കേസ് പ്രതിയടക്കം രണ്ടുപേരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു.

വള്ളക്കടവ് ബംഗ്ലാദേശ് കോളനി സ്വദേശി രമേഷ് എന്ന മനു (30), വലിയതുറ സ്വദേശി ജഗൻ എന്ന സരുൺ (25) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന വെട്ടുകാട് സ്വദേശി കണ്ണൻ ഓടിരക്ഷപ്പെട്ടു.

സംഭവം നടന്നതിങ്ങനെ

ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രമേഷും സരുണും ബീച്ചിൽ വിശ്രമിക്കുകയായിരുന്ന വിനോദസഞ്ചാരികൾക്കിടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പിന്നീട് പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. വിവരമറിഞ്ഞ് എസ്ഐ ഒ. ബിജുവിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് എസ്ഐയുടെ മുഖത്ത് ഇടിച്ചത്. തുടർന്ന് കൂടുതൽ പോലീസെത്തി പ്രതികളെ സാഹസികമായി കീഴടക്കുകയായിരുന്നു.

അറസ്റ്റിലായത് കൊടുംകുറ്റവാളികൾ

അറസ്റ്റിലായ രമേഷ്, തമിഴ്നാട് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ കേരളത്തിലും തമിഴ്നാട്ടിലുമായി കൊലപാതകം, മോഷണം, അക്രമം ഉൾപ്പെടെ 14 കേസുകളുണ്ട്. സരുണിന്റെ പേരിൽ നഗരത്തിലെ നാല് സ്റ്റേഷനുകളിലും കേസുകളുണ്ടെന്ന് വലിയതുറ എസ്എച്ച്ഒ വി. അശോക് കുമാർ പറഞ്ഞു. രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.