BusinessNews

ടാറ്റ ഡിജിറ്റലിന്റെ അമരത്തേക്ക് മലയാളി; ഗൂഗിൾ, ജിയോ മുൻ മേധാവി സജിത്ത് ശിവാനന്ദൻ പുതിയ സിഇഒ

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ സൂപ്പർ ആപ്പായ ‘ടാറ്റ ന്യൂ’വിന് നേതൃത്വം നൽകുന്ന ടാറ്റ ഡിജിറ്റലിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) മലയാളി ടെക് വിദഗ്ദ്ധൻ സജിത്ത് ശിവാനന്ദനെ നിയമിച്ചു. കമ്പനിയുടെ നേതൃനിരയിൽ നടത്തുന്ന വലിയ അഴിച്ചുപണിയുടെ ഭാഗമായാണ് ഈ നിർണായക നിയമനം.

ഗൂഗിൾ, ഡിസ്നി+ ഹോട്ട്സ്റ്റാർ, ജിയോ തുടങ്ങിയ പ്രമുഖ ഡിജിറ്റൽ കമ്പനികളിൽ ഉന്നത പദവികൾ വഹിച്ച് പ്രവർത്തന മികവ് തെളിയിച്ച വ്യക്തിയാണ് സജിത്ത് ശിവാനന്ദൻ. ജിയോ മൊബൈൽ ഡിജിറ്റൽ സർവീസസിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്നാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിലേക്ക് എത്തുന്നത്. അതിനു മുൻപ് ഗൂഗിളിന്റെ പേയ്മെന്റ്സ്, ‘നെക്സ്റ്റ് ബില്യൺ യൂസേഴ്സ്’ തുടങ്ങിയ സുപ്രധാന പദ്ധതികൾക്ക് ഇന്ത്യയിലും ഏഷ്യ-പസഫിക് മേഖലയിലും നേതൃത്വം നൽകിയിരുന്നു.

ടാറ്റ ന്യൂ ആപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക, ഭാവിയിലെ മത്സരങ്ങൾക്കായി കമ്പനിയെ സജ്ജമാക്കുക എന്നിവയാണ് സജിത്ത് ശിവാനന്ദന്റെ പ്രധാന ചുമതലകൾ. ആമസോൺ, ഫ്ലിപ്കാർട്ട്, റിലയൻസ് തുടങ്ങിയ വമ്പന്മാർ മത്സരിക്കുന്ന ഇന്ത്യൻ ഇ-കൊമേഴ്സ്, ക്വിക്ക് കൊമേഴ്സ്, ഡിജിറ്റൽ സേവന രംഗത്ത് ടാറ്റ ഡിജിറ്റലിനെ ശക്തിപ്പെടുത്തുകയെന്ന വലിയ ഉത്തരവാദിത്തമാണ് അദ്ദേഹത്തിനുള്ളത്.

2019-ൽ ആരംഭിച്ചതിന് ശേഷം ടാറ്റ ഡിജിറ്റലിന്റെ മൂന്നാമത്തെ സിഇഒ ആണ് സജിത്ത് ശിവാനന്ദൻ. ഈ വർഷം ആദ്യം നവീൻ തഹില്യാനി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം. സെപ്റ്റംബർ ആദ്യവാരത്തോടെ അദ്ദേഹം ചുമതലയേൽക്കുമെന്നാണ് സൂചന.