CrimeNews

പഴയങ്ങാടി ലഹരിക്കടത്ത്: മുഖ്യകണ്ണികൾ ഐടി ജോലിയുടെ മറവിൽ; പ്രതികൾ ബംഗളൂരുവിൽ പിടിയിൽ

പഴയങ്ങാടി (കണ്ണൂർ): പഴയങ്ങാടിയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയ കേസിലെ മുഖ്യപ്രതികളെ പോലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. മാടായി സ്വദേശി അഹമ്മദ് സുഹൈർ (26), തൃശൂർ കുന്ദംകുളം സ്വദേശി വിവേക് (28) എന്നിവരാണ് പഴയങ്ങാടി പോലീസിന്റെ പിടിയിലായത്. ബംഗളൂരുവിലെ സ്വകാര്യ ഐടി കമ്പനിയിലെ ജോലിയുടെ മറവിൽ കേരളത്തിലേക്ക് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും കടത്തിയിരുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ജൂൺ 6-ന് പഴയങ്ങാടി ബീവി റോഡിൽ നടത്തിയ വാഹന പരിശോധനയിലാണ് കേസിനാസ്പദമായ സംഭവം. കാറിൽ കടത്തുകയായിരുന്ന എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, കെറ്റമിൻ ഗുളികകൾ എന്നിവയുമായി വാടിക്കൽ സ്വദേശികളായ നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും, പണമിടപാടുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് മുഖ്യ ആസൂത്രകരിലേക്ക് പോലീസിനെ എത്തിച്ചത്.

ബംഗളൂരുവിലെ കുലശേഖരപുരത്തുള്ള ഒരു ഫ്ലാറ്റിൽ നിന്നാണ് പഴയങ്ങാടി എസ്.ഐ. കെ. സുഹൈലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടിയത്. നേരത്തെ അറസ്റ്റിലായ സംഘത്തിന് ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്നത് ഇവരായിരുന്നു. ലഹരിമരുന്ന് സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.