
മൈസൂരുവിൽ ഭീകര കൊലപാതകം: യുവതിയെ കാമുകൻ കൊലപ്പെടുത്തിയത് സ്ഫോടകവസ്തു ഉപയോഗിച്ച്; കേരള ബന്ധവും പുറത്ത്
മൈസൂരു: കർണാടകയിലെ മൈസൂരുവിൽ യുവതിയെ കാമുകൻ സ്ഫോടകവസ്തു ഉപയോഗിച്ച് കൊലപ്പെടുത്തി. ഹുൻസൂർ താലൂക്കിലെ ഗെരസനഹള്ളി സ്വദേശിനിയായ രക്ഷിത (20) ആണ് കൊല്ലപ്പെട്ടത്. യുവതി വിവാഹിതയാണ് . ഇവർ വിവാഹം കഴിച്ചത് കേരളത്തിൽ നിന്നാണെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി സിദ്ധരാജുവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
മൈസൂരുവിലെ ഭേര്യ ഗ്രാമത്തിലുള്ള ഒരു ലോഡ്ജിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രക്ഷിതയും കാമുകനായ സിദ്ധരാജുവും ഇവിടെ മുറിയെടുത്ത് താമസിക്കുകയായിരുന്നു. സിദ്ധരാജു രക്ഷിതയുടെ ബന്ധുവാണ്. മുറിയിൽ വെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും ഇതിനിടെ സിദ്ധരാജു യുവതിയുടെ വായിൽ സ്ഫോടകവസ്തു വെച്ച് പൊട്ടിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. പാറമടകളിൽ സ്ഫോടനത്തിന് ഉപയോഗിക്കുന്ന തരം സ്ഫോടകവസ്തുവാണ് ഇതിനായി ഉപയോഗിച്ചത്. ആക്രമണത്തിൽ യുവതിയുടെ മുഖത്തിൻ്റെ താഴ്ഭാഗം പൂർണമായും ചിതറിപ്പോയ നിലയിലായിരുന്നു.
സംഭവത്തിന് ശേഷം പ്രതി യുവതിയുടെ മരണം മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. എന്നാൽ ലോഡ്ജിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ച് സാലിഗ്രാമ പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിൻ്റെ വിവരങ്ങൾ പുറത്തുവന്നത്.
കൊല്ലപ്പെട്ട രക്ഷിത ഒരു ദിവസവേതന തൊഴിലാളിയായ കേരള സ്വദേശിയുടെ ഭാര്യയായിരുന്നുവെന്നും, സിദ്ധരാജുവുമായി രഹസ്യബന്ധം പുലർത്തിയിരുന്നതായും പോലീസ് പറഞ്ഞു. കേസിൽ സാലിഗ്രാമ പോലീസ് സിദ്ധരാജുവിനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. ലോഡ്ജ് മുറിയിലെ ഭീകരമായ കൊലപാതകത്തിൻ്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.