CrimeNews

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ്

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ഒന്നാം പ്രതി പടന്നക്കാട് സ്വദേശി പി.എ. സലീമിനാണ് ഹൊസ്ദുർഗ് പോക്സോ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പ്രതി മരണം വരെ ജയിലിൽ കഴിയണമെന്നും, 2,70,000 രൂപ പിഴയടക്കണമെന്നും ജഡ്ജി പി.എം. സുരേഷ് ഉത്തരവിട്ടു.

2024 മെയ് 15-ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ സലീം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും കുട്ടിയുടെ കമ്മലുകൾ കവരുകയും ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടുപോകൽ, വീട്ടിൽ അതിക്രമിച്ച് കയറൽ, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തിയാണ് ശിക്ഷ. 60 സാക്ഷി മൊഴികളും, 42 ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ 117 രേഖകളും വിശദമായി പരിശോധിച്ച ശേഷമാണ് കോടതിയുടെ നിർണായക വിധി.

കോടതി വിധിയിൽ പൂർണ തൃപ്തിയില്ലെന്നും പ്രതിക്ക് വധശിക്ഷ ഉറപ്പാക്കാൻ നിയമപോരാട്ടം തുടരുമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ പ്രതികരിച്ചു.