InternationalNews

ബക്കിംഗ്ഹാം കൊട്ടാരം ‘അനാഥമാകുന്നു’; ചാൾസ് രാജാവ് താമസം മാറുന്നില്ല, വില്യമും കെയ്റ്റും പുതിയ വീട്ടിലേക്ക്

ലണ്ടൻ: ബ്രിട്ടീഷ് രാജവാഴ്ചയുടെ സിരാകേന്ദ്രമായ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ. ചാൾസ് മൂന്നാമൻ രാജാവ് കൊട്ടാരത്തിലേക്ക് താമസം മാറാൻ വിസമ്മതിക്കുകയും, കിരീടാവകാശിയായ വില്യം രാജകുമാരനും കുടുംബവും വിൻഡ്സറിൽ പുതിയ സ്ഥിരം വസതി ഒരുക്കുകയും ചെയ്തതോടെയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യത്തിന് മാറ്റം വരുമോ എന്ന ചർച്ചകൾ സജീവമായത്.

ഭാവി രാജാവായ വില്യം രാജകുമാരനും ഭാര്യ കെയ്റ്റ് മിഡിൽടണും മക്കളായ ജോർജ്, ഷാർലറ്റ്, ലൂയിസ് എന്നിവരും വിൻഡ്സർ എസ്റ്റേറ്റിലെ ‘ദ ഫോറസ്റ്റ് ലോഡ്ജ്’ എന്ന എട്ട് കിടപ്പുമുറികളുള്ള മാൻഷനിലേക്കാണ് മാറുന്നത്. ഇതിനെ തങ്ങളുടെ ‘എന്നത്തേക്കുമുള്ള വീട്’ ആയാണ് രാജദമ്പതികൾ കാണുന്നത്. കുട്ടികളെല്ലാം സമീപത്തുള്ള സ്കൂളിലാണ് പഠിക്കുന്നത്. ഈ വീടിന്റെ നവീകരണത്തിനുള്ള പണം ഇരുവരും സ്വന്തം കയ്യിൽ നിന്നാണ് മുടക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ബക്കിംഗ്ഹാം കൊട്ടാരത്തിലെ അറ്റകുറ്റപ്പണികൾ 2027 വരെ നീളുമെന്നതാണ് ചാൾസ് രാജാവ് അവിടേക്ക് താമസം മാറാത്തതിന് ഔദ്യോഗിക കാരണമായി പറയുന്നത്. എന്നാൽ, നവീകരണം പൂർത്തിയായാലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി താൻ താമസിക്കുന്ന ക്ലാരൻസ് ഹൗസിൽ തുടരാനാണ് രാജാവിന് താൽപ്പര്യമെന്ന് രാജകുടുംബവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

1837 മുതൽ ബ്രിട്ടീഷ് ഭരണാധികാരികളുടെ ഔദ്യോഗിക വസതിയാണ് ബക്കിംഗ്ഹാം കൊട്ടാരം. ലണ്ടൻ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ കൊട്ടാരം ഒഴിഞ്ഞുകിടക്കുന്നത് രാജഭരണത്തിന് വലിയ ക്ഷീണമാകുമെന്ന് രാജകീയ നിരീക്ഷകനായ റിച്ചാർഡ് ഫിറ്റ്സ്‌വില്യംസ് അഭിപ്രായപ്പെട്ടു. രാജകുടുംബത്തിന് നിരവധി വസതികളുള്ളത് നേരത്തെ തന്നെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. എന്തായാലും, ഇപ്പോഴത്തെ രാജാവ് പഴയ വസതിയിലും ഭാവി രാജാവ് പുതിയ വസതിയിലും സ്ഥിരതാമസമാക്കുന്നതോടെ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ഭാവി എന്താകുമെന്ന ചർച്ചകൾ സജീവമായിരിക്കുകയാണ്.