ലണ്ടന്‍: ഇംഗ്ലണ്ടിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന് അര്‍ബുദം സ്ഥിരീകരിച്ചു . ബക്കിങ്‌ഹാം കൊട്ടാരമാണ് വിവരം പുറത്തുവിട്ടത്. ചാള്‍സ് മൂന്നാമന്‍റെ നിര്‍ദേശപ്രകാരമാണ് രോഗവിവരം പരസ്യപ്പെടുത്തിയതെന്ന് കൊട്ടാരം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

രോഗവിവരം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഒഴിവാക്കുന്നതിനും അര്‍ബുദത്തെ കുറിച്ച് ജനങ്ങളെ ബോധവാത്മാരാരക്കുന്നതിനുമായാണ് വിവരം പരസ്യപ്പെടുത്താന്‍ ചാള്‍സ് തയ്യാറായത്. ഏത് തരത്തിലുള്ള കാൻസര്‍ ആണ് ചാള്‍സ് മൂന്നാമനെ ബാധിച്ചതെന്നും നിലവില്‍ രോഗാവസ്ഥ ഏത് ഘട്ടത്തിലാണെന്നുമുള്ള വിവരം പുറത്തുവിട്ടിട്ടില്ല. പ്രോസ്റ്റേറ്റ് ചികിത്സയ്‌ക്കിടെയായിരുന്നു അര്‍ബുദം കണ്ടെത്തിയത്.

എന്നാല്‍, നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത് പ്രോസ്റ്റേറ്റ് കാൻസര്‍ അല്ലെന്ന് കൊട്ടാരം വ്യക്തമാക്കിയിട്ടുണ്ട്. അര്‍ബുദം സ്ഥിരീകരിച്ചതിന് പിന്നാലെ തന്നെ ചാള്‍സ് മൂന്നാമന്‍റെ ചികിത്സയും ആരംഭിച്ചു. ഈ സാഹചര്യത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്ന പൊതുപരിപാടികളില്‍ നിന്നെല്ലാം അദ്ദേഹം വിട്ടുനില്‍ക്കുകയാണ്.

രാഷ്‌ട്രത്തലവന്‍ എന്ന നിലയില്‍ താന്‍ വഹിക്കുന്ന ചുമതലകളില്‍ അദ്ദേഹം തുടരുമെന്ന് കൊട്ടാരം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. മക്കളായ വില്യം, ഹാരി എന്നിവരെ രോഗവിവരം അറിയിച്ചത് ചാള്‍സ് തന്നെയാണ് എന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ കഴിയുന്ന ഹാരി ഉടന്‍ നാട്ടിലേക്ക് മടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ ലണ്ടനിലെ കൊട്ടാരത്തിലാണ് ചാള്‍സ് രാജാവ് ഉള്ളത്. അതേസമയം, എത്രയും വേഗത്തില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന് സുഖം പ്രാപിക്കാന്‍ സാധിക്കട്ടേയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആശംസ നേര്‍ന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അദ്ദേഹം ശക്തമായി തിരികെയെത്തുമെന്നാണ് ഋഷി സുനക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചത്.