
ബെംഗളൂരു: എഡ്ടെക് ഭീമനായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രനെതിരായ നിയമക്കുരുക്കുകൾ മുറുകുന്നു. സിംഗപ്പൂർ ആർബിട്രേഷൻ കോടതി പിഴയടിച്ച 235 ദശലക്ഷം ഡോളറും (ഏകദേശം 2183 കോടി രൂപ) അതിന്റെ പലിശയും ഈടാക്കുന്നതിനായി ഖത്തർ സർക്കാരിന്റെ നിക്ഷേപ ഫണ്ടായ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (QIA) കർണാടക ഹൈക്കോടതിയെ സമീപിച്ചു. ബൈജു രവീന്ദ്രന്റെയും അദ്ദേഹത്തിന്റെ നിക്ഷേപ സ്ഥാപനമായ ബൈജൂസ് ഇൻവെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഇന്ത്യയിലുള്ള ആസ്തികൾ കണ്ടുകെട്ടി വിധി നടപ്പാക്കണമെന്നാണ് ആവശ്യം.
2022-ൽ ആകാശ് എജ്യുക്കേഷണൽ സർവീസസിന്റെ ഓഹരികൾ വാങ്ങുന്നതിനായി ഖത്തർ ഹോൾഡിംഗ്, ബൈജു രവീന്ദ്രന്റെ കമ്പനിക്ക് 150 ദശലക്ഷം ഡോളർ വായ്പ നൽകിയിരുന്നു. ബൈജു രവീന്ദ്രൻ ഇതിന് വ്യക്തിഗത ഗ്യാരണ്ടി നൽകി. എന്നാൽ, കരാർ ലംഘിച്ച് ഈ ഓഹരികൾ ബൈജു രവീന്ദ്രന്റെ നിയന്ത്രണത്തിലുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയെന്നും വായ്പ തിരിച്ചടവിൽ ആവർത്തിച്ച് വീഴ്ച വരുത്തിയെന്നും ഖത്തർ ഫണ്ട് ആരോപിക്കുന്നു.
വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് 2024 മാർച്ചിൽ ഖത്തർ ഹോൾഡിംഗ് സിംഗപ്പൂരിൽ ആർബിട്രേഷൻ നടപടികൾ ആരംഭിച്ചു. ആസ്തികൾ വിറ്റഴിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി, ബൈജു രവീന്ദ്രന്റെ ആഗോള ആസ്തികൾ 235 ദശലക്ഷം ഡോളർ വരെ മരവിപ്പിക്കാൻ സിംഗപ്പൂർ ഹൈക്കോടതി ഉത്തരവിട്ടു. തുടർന്ന്, 2025 ജൂലൈ 14-ന് ആർബിട്രേഷൻ ട്രിബ്യൂണൽ, 235 ദശലക്ഷം ഡോളറും 2024 ഫെബ്രുവരി മുതലുള്ള 4% പലിശയും ഉടനടി നൽകാൻ അന്തിമ വിധി പുറപ്പെടുവിച്ചു.
ഈ വിധി ഇന്ത്യയിൽ നടപ്പാക്കാനായി ഓഗസ്റ്റ് 12-നാണ് ഖത്തർ ഫണ്ട് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്. ആർബിട്രേഷൻ വിധിയെ ഒരു കോർട്ട് ഡിക്രിയായി പരിഗണിച്ച് ബൈജു രവീന്ദ്രന്റെ ഇന്ത്യയിലുള്ള സ്ഥാവര-ജംഗമ വസ്തുക്കൾ കണ്ടുകെട്ടി പണം ഈടാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
അമേരിക്കയിൽ പാപ്പരത്ത നടപടികളുമായി ബന്ധപ്പെട്ട് കോടതി അലക്ഷ്യത്തിന് ബൈജു രവീന്ദ്രൻ ദിവസം 10,000 ഡോളർ പിഴയടക്കണമെന്ന ഉത്തരവ് നിലവിലുണ്ട്. ബൈജൂസിന്റെ ഒരു ഉപസ്ഥാപനം എടുത്ത 1.2 ബില്യൺ ഡോളർ വായ്പയിൽ നിന്ന് 533 ദശലക്ഷം ഡോളർ കാണാതായെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം നേരിടുന്നുണ്ട്. ഇതിനിടയിലാണ് ഖത്തർ ഫണ്ടിന്റെ പുതിയ നിയമനടപടി. അതേസമയം, ബൈജൂസ് ഇന്ത്യയിൽ ഇൻസോൾവൻസി നടപടികൾ നേരിടുകയാണ്.