
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത സമ്മർദ്ദങ്ങളെ അവഗണിച്ച് ഇന്ത്യയിലെ ഐഫോൺ നിർമ്മാണം വിപുലീകരിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ആപ്പിൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. 2.5 ബില്യൺ ഡോളറിന്റെ (ഏകദേശം 20,000 കോടിയിലധികം രൂപ) നിക്ഷേപ പദ്ധതികൾക്കോ, ഉത്പാദനം വർധിപ്പിക്കുന്നതിനോ യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് കമ്പനി വ്യക്തമാക്കി.
നിലവിൽ 4 കോടി യൂണിറ്റുകൾ നിർമ്മിക്കുന്ന ഇന്ത്യയിലെ പ്ലാന്റുകളുടെ ശേഷി, പ്രതിവർഷം 6 കോടി യൂണിറ്റുകളായി ഉയർത്താനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. ഇവിടെ നിർമ്മിക്കുന്ന ഐഫോണുകളിൽ ഭൂരിഭാഗവും അമേരിക്കൻ വിപണി ഉൾപ്പെടെയുള്ള ആഗോള വിപണികളിലേക്കുള്ള കയറ്റുമതിക്കായാണ്. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 17-ന്റെ നിർമ്മാണം ഇതിനകം ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിർമ്മിക്കുന്ന ഐഫോണുകൾ അമേരിക്കൻ വിപണിയിൽ വിൽക്കുന്നതിനെതിരെ ഡൊണാൾഡ് ട്രംപ് ശക്തമായ എതിർപ്പാണ് ഉയർത്തുന്നത്. “നിങ്ങൾ ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കുന്നത് എനിക്കിഷ്ടമല്ല” എന്ന് ആപ്പിൾ സിഇഒ ടിം കുക്കിനോട് താൻ നേരിട്ട് പറഞ്ഞതായി ട്രംപ് മെയ് മാസം ദോഹയിൽ വെച്ച് പ്രസ്താവിച്ചിരുന്നു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം താരിഫ് വിഷയങ്ങളിൽ വഷളായിരിക്കുന്ന സാഹചര്യത്തിലും ആപ്പിൾ ഇന്ത്യയിലെ പദ്ധതികളുമായി മുന്നോട്ടുപോകുന്നത് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് വലിയ ഊർജ്ജം പകരുന്നതാണ്.
ഇന്ത്യയിലെ നിർമ്മാണ സാഹചര്യങ്ങൾ, ഉത്പാദനത്തിന്റെ ഗുണമേന്മ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലോകോത്തര നിലവാരത്തിലുള്ളതാണെന്ന് ആപ്പിൾ എക്സിക്യൂട്ടീവുകൾ സർക്കാരിനെ അറിയിച്ചു. ആപ്പിളിന്റെ പ്രധാന കരാർ നിർമ്മാതാക്കളായ ഫോക്സ്കോൺ, ടാറ്റ ഗ്രൂപ്പ് (വിസ്ട്രോൺ, പെഗാട്രോൺ പ്ലാന്റുകൾ ഏറ്റെടുത്ത) എന്നിവർ വൻതോതിലുള്ള വിപുലീകരണ പ്രവർത്തനങ്ങളിലാണ്.
കഴിഞ്ഞ പാദത്തിൽ അമേരിക്കയിൽ വിറ്റഴിച്ച ഭൂരിഭാഗം ഐഫോണുകളും ഇന്ത്യയിൽ നിർമ്മിച്ചവയാണെന്ന് ടിം കുക്ക് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതോടെ, ഐഫോൺ നിർമ്മാണത്തിൽ ചൈനയെ ഇന്ത്യ മറികടക്കുകയാണെന്ന സൂചനകളും ശക്തമായി. കഴിഞ്ഞ വർഷം 17 ബില്യൺ ഡോളറിന്റെ ഐഫോണുകളാണ് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തത്. ആഭ്യന്തര വിപണിയിലും ആപ്പിൾ റെക്കോർഡ് വളർച്ചയാണ് നേടുന്നത്.