
തിരുവനന്തപുരം: ചാനൽ ചർച്ചകളിലൂടെയും തീപ്പൊരി പ്രസംഗങ്ങളിലൂടെയും കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉയർന്നുവന്ന യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ ലൈംഗികാധിക്ഷേപ ആരോപണങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിക്ക് പിന്നാലെ പാലക്കാട് എംഎൽഎ സ്ഥാനവും നേടിയ രാഹുലിന്റെ രാഷ്ട്രീയ ഭാവി, ഗുരുതരമായ ആരോപണങ്ങളിലും പുറത്തുവന്ന ഓഡിയോ ക്ലിപ്പുകളിലും ചാറ്റുകളിലും പെട്ട് പ്രതിസന്ധിയിലായി.
സ്ത്രീകളോട് മോശമായി സംസാരിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതും അടക്കമുള്ള സംഭാഷണങ്ങളുടെ ശബ്ദരേഖകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കോൺഗ്രസ് നേതൃത്വം കടുത്ത നടപടിയിലേക്ക് നീങ്ങിയത്. ഒരു യുവതി അനുഭവം വെളിപ്പെടുത്തിയതിന് പിന്നാലെ സമാനമായ ദുരനുഭവങ്ങൾ നേരിട്ട കൂടുതൽ പേർ രംഗത്തെത്തിയത് പാർട്ടിയെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു.
ഇതുവരെ ഉയർന്ന ആരോപണങ്ങളെ തള്ളിപ്പറയുകയോ, നിഷേധിക്കുകയോ ചെയ്യാൻ രാഹുല്‍ മാങ്കൂട്ടത്തലിന് സാധിച്ചിട്ടില്ല. ചാറ്റുകള്‍ പുറത്തുവന്നതില്‍ ഗൂഢാലോചനയുണ്ടെന്ന വാദം മാത്രമാണ് ഉയർത്തുന്നത്. ഇനി കൂടുതല്‍ പേർ രംഗത്തുവരില്ലെന്ന ഉറപ്പ് സംഘടനക്കോ നേതാക്കള്‍ക്കോ നല്‍കാനും രാഹുലിന് സാധിക്കുന്നില്ല. അങ്ങനെയുള്ളപ്പോള്‍ ഏത് ഗ്യാരന്റിയുടെ പുറത്ത് രാഹുലിനെ സംരക്ഷിക്കണം എന്ന ചോദ്യമാണ് നേതാക്കള്‍ക്കിടയില്‍ ഉയർന്നത്.
തീവ്രമായ സിപിഎം വിരുദ്ധ പ്രസംഗങ്ങളിലൂടെയും മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശങ്ങളിലൂടെയും അണികൾക്കിടയിൽ വലിയ സ്വീകാര്യത നേടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തെത്തിയത്. തുടർന്ന് ഷാഫി പറമ്പിൽ ഒഴിഞ്ഞ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി വിജയിച്ചതോടെ രാഹുലിന്റെ രാഷ്ട്രീയ ഗ്രാഫ് കുതിച്ചുയർന്നു. എന്നാൽ എംഎൽഎയായി ഒരു വർഷം തികയും മുൻപേ നേരിടേണ്ടി വന്ന ആരോപണങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത അധ്യായമായി മാറി.
രാഹുലിന്റെ ഫോൺ സംഭാഷണങ്ങളും ചാറ്റുകളും പുറത്തുവന്നതിൽ പാർട്ടിക്ക് അകത്തും പുറത്തുമുള്ള ശത്രുക്കൾക്ക് പങ്കുണ്ടെന്ന ആരോപണവും സജീവമാണ്. എന്തായാലും, ആരോപണങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ കളങ്കമുണ്ടാക്കിയെന്ന് വിലയിരുത്തിയാണ് നേതൃത്വം അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തി താൽക്കാലികമായി പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നത്. സസ്പെൻഷനിലായതോടെ എംഎൽഎ എന്ന നിലയിൽ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും.