CrimeNews

1.20 ലക്ഷത്തിന് അഞ്ചുദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; മാതാപിതാക്കളടക്കം നാലുപേർ അറസ്റ്റിൽ

സേലം: രാജ്യത്തെ ഞെട്ടിച്ച് തമിഴ്‌നാട്ടിലെ സേലത്ത് അഞ്ചുദിവസം പ്രായമായ പെൺകുഞ്ഞിനെ 1.20 ലക്ഷം രൂപയ്ക്ക് വിറ്റ മാതാപിതാക്കളടക്കം നാലുപേർ അറസ്റ്റിൽ. ദിവസക്കൂലിക്കാരായ സന്തോഷ് (27), ഭാര്യ ശിവകാമി (24) എന്നിവരാണ് തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ ബെംഗളൂരു സ്വദേശിക്ക് വിറ്റത്. കുഞ്ഞിനെ വാങ്ങിയ രഞ്ജിത്, ഇടനിലക്കാരനായി പ്രവർത്തിച്ച ബന്ധു ദേവരാജ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

ഓഗസ്റ്റ് 9-ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ശിവകാമി പെൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് ഓഗസ്റ്റ് 14-ന് ഇവർ കുഞ്ഞിനെ രഞ്ജിത്തിന് വിൽക്കുകയായിരുന്നു. ഓഗസ്റ്റ് 16-ന് നാട്ടിൽ തിരിച്ചെത്തിയ ദമ്പതികൾ, തങ്ങൾക്ക് ജനിച്ചത് ആൺകുഞ്ഞായിരുന്നെന്നും ഓഗസ്റ്റ് 14-ന് മരിച്ചുപോയെന്നും ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചു. ഇത് തെളിയിക്കാൻ വ്യാജ മെഡിക്കൽ റിപ്പോർട്ടും ഇവർ ഹാജരാക്കി.

കുറ്റം വെളിച്ചത്തായത് ഇങ്ങനെ

വീരപാണ്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒരു ഫീൽഡ് നഴ്സ് പതിവ് സന്ദർശനത്തിനായി ദമ്പതികളുടെ വീട്ടിലെത്തിയപ്പോൾ കുഞ്ഞിനെ കാണാഞ്ഞതിനെ തുടർന്നുണ്ടായ സംശയമാണ് നിർണായകമായത്. അവർ ഉടൻ തന്നെ ചൈൽഡ് ഹെൽപ്പ് ലൈനിൽ (1098) വിവരമറിയിച്ചു. തുടർന്ന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് (DCPU) നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിൽപ്പനയുടെ വിവരം പുറത്തുവന്നത്.

ശിശു സംരക്ഷണ യൂണിറ്റിന്റെ പരാതിയിൽ സംഗഗിരി വനിതാ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും നാലുപേരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോലീസ് കുഞ്ഞിനെ കണ്ടെത്തി സുരക്ഷിതമായി അമ്മയുടെ അടുക്കൽ തിരികെയെത്തിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.