Crime

ലഹരി കൂടി മരിച്ചു, യുവാവിനെ ചതുപ്പില്‍ കുഴിച്ചുമൂടി സുഹൃത്തുക്കള്‍; അറസ്റ്റ്

കോഴിക്കോട്: ആറ് വർഷം മുൻപ് കോഴിക്കോട് വെസ്റ്റ് ഹില്ലിൽ നിന്ന് കാണാതായ വിജിൽ (35) എന്ന യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് ലഹരി നൽകി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചതുപ്പിൽ താഴ്ത്തിയതായി പോലീസ് കണ്ടെത്തി. ആറ് വർഷം നീണ്ട ദുരൂഹതകൾക്ക് വിരാമമിട്ടുകൊണ്ട്, സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ നിഖിൽ, ദീപേഷ് എന്നിവരെ എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ രഞ്ജിത്തിനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

2019 മാർച്ച് 24-നാണ് കേസിനാസ്പദമായ സംഭവം. അമിത അളവിൽ ബ്രൗൺ ഷുഗർ കുത്തിവെച്ചതിനെ തുടർന്ന് വിജിൽ മരിക്കുകയായിരുന്നുവെന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി. കോഴിക്കോട് സരോവരം പാർക്കിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ വെച്ചായിരുന്നു സംഭവം. മരണം ഉറപ്പായതോടെ, തെളിവ് നശിപ്പിക്കാനായി മൃതദേഹം കല്ലുകെട്ടി ചതുപ്പിൽ താഴ്ത്തുകയായിരുന്നു. പിന്നീട് മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടപ്പോൾ കടലിൽ ഉപേക്ഷിച്ചെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

വിജിലിനെ കാണാതായ ദിവസം ഒന്നാം പ്രതിയായ നിഖിലും വിജിലും ഒരേ ടവർ ലൊക്കേഷനിലായിരുന്നു എന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.

‘ഇപ്പോൾ വരാം’ എന്ന് പറഞ്ഞ് 2019 മാർച്ച് 24-ന് രാവിലെ വീട്ടിൽ നിന്നിറങ്ങിയതാണ് തന്റെ മകനെന്ന് പിതാവ് വിജയൻ നിറകണ്ണുകളോടെ ഓർക്കുന്നു. അന്ന് വൈകുന്നേരം മൂന്ന് മണിക്ക് ശേഷം വിജിലിന്റെ ഫോൺവിളി വന്നിട്ടില്ല. വർഷങ്ങളായി മകനെ കാത്തിരുന്ന കുടുംബത്തിന് ആറ് വർഷത്തിന് ശേഷം ലഭിച്ചത് അവന്റെ മരണത്തിന്റെ ഞെട്ടിക്കുന്ന വാർത്തയാണ്.