
ന്യൂഡൽഹി: പ്രതിരോധ രംഗത്ത് ചരിത്രപരമായ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി ഇന്ത്യ. രാജ്യത്ത് തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ എഎംസിഎ-യ്ക്ക് (അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ്) വേണ്ടി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഫ്രഞ്ച് എയ്റോസ്പേസ് ഭീമനായ സഫ്രാനുമായി ഇന്ത്യ കൈകോർക്കുന്നു. 100 ശതമാനം സാങ്കേതികവിദ്യാ കൈമാറ്റത്തോടെ ഇന്ത്യയിൽ തന്നെ എഞ്ചിൻ രൂപകൽപ്പന ചെയ്ത് നിർമ്മിക്കാനുള്ള ഈ ബൃഹദ് പദ്ധതിക്ക് കേന്ദ്ര സുരക്ഷാകാര്യ മന്ത്രിസഭാ സമിതിയുടെ അനുമതി ഉടൻ തേടുമെന്ന് പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (ഡിആർഡിഒ) അറിയിച്ചു.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിൽ ഒരു പുതിയ അധ്യായം കുറിക്കുന്നതാണ് ഈ നീക്കം. ഡിആർഡിഒയ്ക്ക് കീഴിലുള്ള ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റും (ജിടിആർഇ) സഫ്രാനും ചേർന്നായിരിക്കും പദ്ധതി നടപ്പാക്കുക. ഏകദേശം 7 ബില്യൺ ഡോളർ (ഏകദേശം 58,000 കോടി രൂപ) ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ 120 കിലോന്യൂട്ടൺ ശേഷിയുള്ള എഞ്ചിനുകൾ ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുകയും, വികസിപ്പിക്കുകയും, പരീക്ഷിക്കുകയും, നിർമ്മിക്കുകയും ചെയ്യും.
“അഞ്ചാം തലമുറ യുദ്ധവിമാനം നിർമ്മിക്കുന്നതിനുള്ള നടപടികളുമായി നമ്മൾ മുന്നോട്ട് പോയിരിക്കുന്നു. വിമാനത്തിന്റെ എഞ്ചിൻ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഫ്രഞ്ച് കമ്പനിയായ സഫ്രാനുമായി ചേർന്ന് എഞ്ചിൻ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും,” പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ സ്ഥിരീകരിച്ചു.
ഇന്ത്യയുടെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമം
യുദ്ധവിമാനങ്ങൾക്ക് ആവശ്യമായ ഉയർന്ന കരുത്തുള്ള എയറോ-എഞ്ചിനുകൾ നിർമ്മിക്കാൻ സാധിക്കാത്തത് ഇന്ത്യയുടെ തദ്ദേശീയ വിമാന നിർമ്മാണ പദ്ധതികൾക്ക്, പ്രത്യേകിച്ച് തേജസ് പോലുള്ളവയ്ക്ക്, വലിയൊരു പ്രതിബന്ധമായിരുന്നു. അമേരിക്കൻ കമ്പനിയായ ജനറൽ ഇലക്ട്രിക്കിൽ നിന്ന് തേജസ് മാർക്ക്-1A വിമാനങ്ങൾക്കായി വാങ്ങിയ 99 ജിഇ-എഫ്404 എഞ്ചിനുകൾ ലഭിക്കാൻ വൈകുന്നത് വിമാനങ്ങളുടെ നിർമ്മാണത്തെ കാര്യമായി ബാധിച്ചിരുന്നു.
തേജസ് മാർക്ക്-2 വിമാനങ്ങൾക്കായി ജിഇ-എഫ്414 എഞ്ചിനുകൾ ഇന്ത്യയിൽ നിർമ്മിക്കാനുള്ള കരാർ ഇനിയും അന്തിമമായിട്ടില്ല. ആ കരാറിൽ പോലും 80% സാങ്കേതികവിദ്യാ കൈമാറ്റത്തിനാണ് ധാരണ. എന്നാൽ, സഫ്രാനുമായുള്ള പുതിയ കരാറിന്റെ ഏറ്റവും വലിയ പ്രത്യേകത, 100% സാങ്കേതികവിദ്യാ കൈമാറ്റവും നിർമ്മിക്കുന്ന എഞ്ചിന്റെ ബൗദ്ധിക സ്വത്തവകാശവും (Intellectual Property) പൂർണ്ണമായി ഇന്ത്യക്ക് ലഭിക്കുമെന്നതാണ്. ഇത് ഇന്ത്യയിൽ ഒരു സമ്പൂർണ്ണ എയറോ-എഞ്ചിൻ നിർമ്മാണ ആവാസവ്യവസ്ഥ (Ecosystem) സൃഷ്ടിക്കാൻ സഹായിക്കുമെന്ന് അധികൃതർ പറയുന്നു.
അംബരചുംബിയായ എഎംസിഎ
25 ടൺ ഭാരമുള്ള, ഇരട്ട എഞ്ചിനുകളോടുകൂടിയ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമാണ് എഎംസിഎ. ശത്രുക്കളുടെ റഡാറുകളുടെ കണ്ണുവെട്ടിക്കാൻ സഹായിക്കുന്ന സ്റ്റെൽത്ത് സാങ്കേതികവിദ്യ, ആയുധങ്ങൾ വിമാനത്തിനുള്ളിൽ ഒളിപ്പിച്ചുവെക്കാനുള്ള സൗകര്യം, നൂതന സെൻസറുകൾ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. നിലവിലെ സമയക്രമം അനുസരിച്ച്, 2035-ഓടെ വിമാനം നിർമ്മാണത്തിന് സജ്ജമാകും. ഏഴ് സ്ക്വാഡ്രൺ (126 വിമാനങ്ങൾ) എഎംസിഎ സ്വന്തമാക്കാനാണ് ഇന്ത്യൻ വ്യോമസേന ലക്ഷ്യമിടുന്നത്. ഇതിൽ ആദ്യത്തെ രണ്ട് സ്ക്വാഡ്രണുകളിൽ അമേരിക്കൻ നിർമ്മിത ജിഇ-എഫ്414 എഞ്ചിനുകളും, ശേഷിക്കുന്ന അഞ്ച് സ്ക്വാഡ്രണുകളിൽ ഇന്ത്യയും ഫ്രാൻസും ചേർന്ന് നിർമ്മിക്കുന്ന 120 കിലോന്യൂട്ടൺ എഞ്ചിനുകളുമായിരിക്കും ഉപയോഗിക്കുക.