
മുംബൈ: സൂപ്പർതാരങ്ങളും കോടികളുടെ ബഡ്ജറ്റും ഇനി സിനിമയുടെ വിജയത്തിന് മാനദണ്ഡമല്ലെന്ന് അടിവരയിട്ട് ഇന്ത്യൻ ബോക്സ് ഓഫീസ്. ഹൃത്വിക് റോഷൻ-ജൂനിയർ എൻടിആർ ഒന്നിച്ച ‘വാർ 2’, രജനികാന്തിന്റെ ‘കൂലി’ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് ആദ്യ വാരത്തിൽ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച ചലനം സൃഷ്ടിക്കാൻ കഴിയാതെ വന്നതോടെയാണ് ഈ ചർച്ചകൾ വീണ്ടും സജീവമായത്. അതേസമയം, വെറും 35 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ‘സെയ്യാര’ എന്ന ചെറിയ ചിത്രം 300 കോടിയിലധികം നേടി പ്രദർശനം തുടരുന്നത്, സിനിമയുടെ യഥാർത്ഥ വിജയം നിർണ്ണയിക്കുന്നത് മികച്ച കഥയും അവതരണവുമാണെന്ന് തെളിയിക്കുന്നു.

യഷ് രാജ് സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമായ ‘വാർ 2’, ഇന്ത്യയിലെ പകുതിയിലധികം സ്ക്രീനുകളിൽ റിലീസ് ചെയ്തിട്ടും, ഹിന്ദി പതിപ്പിന് നേടാനായത് 29 കോടിയുടെ ഓപ്പണിംഗ് മാത്രമാണ്. ഇത് സ്പൈ യൂണിവേഴ്സിലെ ഏറ്റവും കുറഞ്ഞ കളക്ഷനാണ്. രജനികാന്തിന്റെ ‘കൂലി’യുടെ കളക്ഷനിലും ഞായറാഴ്ചയെ അപേക്ഷിച്ച് തിങ്കളാഴ്ച 45.8% ഇടിവുണ്ടായി.
ആദ്യ നാല് ദിവസം കൊണ്ട് ‘വാർ 2’ 165 കോടിയും, ‘കൂലി’ 195 കോടിയുമാണ് ഇന്ത്യയിൽ നിന്ന് നേടിയത്. രണ്ട് ചിത്രങ്ങളുടെയും നിർമ്മാണച്ചെലവ് ഏകദേശം 350-450 കോടി രൂപ വീതമാണ്.
“സൂപ്പർതാരങ്ങളെ വെച്ച് പാൻ-ഇന്ത്യ സിനിമകൾ നിർമ്മിക്കുന്നത് ആദ്യ ദിനം ഉയർന്ന കളക്ഷൻ നൽകാൻ മാത്രമാണ് സഹായിക്കുന്നത്. എന്നാൽ, സിനിമയെ ദീർഘകാലം തീയേറ്ററിൽ നിലനിർത്തുന്നത് മികച്ച ഉള്ളടക്കം മാത്രമാണ്,” കാർമിക് ഫിലിംസിന്റെ സഹസ്ഥാപകൻ സുനിൽ വാധ്വ പറഞ്ഞു.
കഥയിലെ പുതുമയില്ലായ്മയും പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകങ്ങളുടെ അഭാവവുമാണ് ഇരു സിനിമകൾക്കും തിരിച്ചടിയായതെന്ന് വ്യവസായ രംഗത്തുള്ളവർ പറയുന്നു. “യഷ് രാജ് സ്പൈ യൂണിവേഴ്സിലെ ആറ് സിനിമകളും ഒരേ കഥ വ്യത്യസ്ത താരങ്ങളെ വെച്ച് ആവർത്തിക്കുന്നതായിട്ടാണ് തോന്നുന്നത്. സംഭാഷണങ്ങൾ വിരസമാണ്,” ഫാൻ്റസി ഫിലിംസ് സ്ഥാപകൻ അമേയ നായിക് അഭിപ്രായപ്പെട്ടു.
‘വാർ 2’ പോലുള്ള സിനിമകളുടെ ബഡ്ജറ്റിൽ ഭൂരിഭാഗവും താരങ്ങളുടെ പ്രതിഫലത്തിനാണ് പോകുന്നത്. ഇത് സിനിമയുടെ വിഷ്വൽ എഫക്ട്സിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു. “കഥയിൽ പുതുമയില്ലാത്തപ്പോൾ, വിഎഫ്എക്സ് കൂടി മോശമാകുന്നത് പ്രേക്ഷകർക്ക് നിരാശയാണ് സമ്മാനിക്കുന്നത്,” ഫിലിം ട്രേഡ് അനലിസ്റ്റ് ശാമിന്ദർ മാലിക് പറഞ്ഞു.
നിർമ്മാതാക്കൾ സിനിമയെ ഒരു കല എന്നതിലുപരി, പണം തിരിച്ചുപിടിക്കാനുള്ള ഒരു ‘പ്രോജക്റ്റ്’ ആയി കാണുന്നതാണ് പ്രശ്നമെന്ന് തീയേറ്റർ ഉടമകൾ പറയുന്നു. “റൈറ്റുകൾ വിറ്റും മറ്റ് വഴികളിലൂടെയും പണം തിരിച്ചുപിടിക്കാമെന്ന ഫോർമുലയിൽ നിർമ്മാതാക്കൾ വിജയിക്കുന്നുണ്ടാകാം, പക്ഷേ നിരാശപ്പെടുന്നത് പ്രേക്ഷകരാണ്,” ജന്ത സിനിമാ സിഇഒ യൂസഫ് ഷെയ്ഖ് പറഞ്ഞു.
‘വാർ 2’, ‘കൂലി’ സിനിമകൾക്ക് തണുപ്പൻ പ്രതികരണം ലഭിച്ചതോടെ, ‘സെയ്യാര’, ‘മഹാവതാർ നരസിംഹ’ തുടങ്ങിയ സിനിമകളുടെ പ്രദർശനം വർധിപ്പിക്കാൻ ഒരുങ്ങുകയാണ് തീയേറ്റർ ഉടമകൾ. ജൂലൈ 18-ന് റിലീസ് ചെയ്ത ‘സെയ്യാര’, ഇതിനോടകം 324.75 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് മാത്രം നേടിയത്. ‘ജോളി എൽഎൽബി 3’, ‘ധുരന്ധർ’, ഹോളിവുഡ് ചിത്രങ്ങളായ ‘അവതാർ 3’ എന്നിവയിലാണ് ഇനി വ്യവസായത്തിന്റെ പ്രതീക്ഷ.