
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിനെ തുടർന്ന് കോൺഗ്രസുമായി അകൽച്ചയിലാണെന്ന് സൂചന നൽകിയ ശശി തരൂർ എംപി, പുതിയ ബില്ലിന്റെ കാര്യത്തിലും പാർട്ടി നിലപാടിന് വിരുദ്ധമായ നിലപാടെടുത്തു. ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെ നിർബന്ധമായി പദവിയിൽ നിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെയാണ് ശശി തരൂർ പിന്തുണച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ‘ഭരണഘടന (നൂറ്റി മുപ്പതാം ഭേദഗതി) ബിൽ 2025’ അനുസരിച്ച്, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ഒരു മന്ത്രിയെ തുടർച്ചയായി 30 ദിവസത്തിൽ കൂടുതൽ ജയിലിൽ അടച്ചാൽ 31-ാം ദിവസം രാജി വയ്ക്കണം അല്ലെങ്കിൽ പദവിയിൽ നിന്ന് പുറത്താക്കണം.
ബില്ലിനെ ‘ക്രൂരവും’ ‘ഭരണഘടനാ വിരുദ്ധവും’ എന്നാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര വിശേഷിപ്പിച്ചത്. “നാളെ ഏത് മുഖ്യമന്ത്രിക്ക് എതിരെയും നിങ്ങൾക്ക് കേസ് ഫയൽ ചെയ്യാം, ശിക്ഷിക്കപ്പെടാതെ 30 ദിവസത്തേക്ക് ജയിലിലടയ്ക്കാം, അതോടെ അയാൾക്ക് മുഖ്യമന്ത്രി പദം നഷ്ടമാകുമോ? ഇത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്,” പ്രിയങ്ക പറഞ്ഞു.
എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് ശശി തരൂർ സ്വീകരിച്ചത്. “30 ദിവസം ജയിലിൽ കഴിഞ്ഞാൽ നിങ്ങൾക്ക് മന്ത്രിയായി തുടരാൻ കഴിയുമോ? ഇത് സാമാന്യബോധത്തിന്റെ കാര്യമാണ്… ഇതിൽ എനിക്ക് തെറ്റൊന്നും കാണാൻ കഴിയില്ല,” അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
ബിൽ കൂടുതൽ പരിശോധനയ്ക്കായി സെലക്ട് കമ്മിറ്റിക്ക് വിട്ടാൽ അത് നല്ല കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “കമ്മിറ്റിയിൽ ഒരു ചർച്ച നടക്കുന്നത് നമ്മുടെ ജനാധിപത്യത്തിന് നല്ലതാണ്… അതിനാൽ ആ ചർച്ച നടക്കട്ടെ,” തരൂർ പറഞ്ഞു.
ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയെക്കുറിച്ചുള്ള പ്രത്യേക ചർച്ചയിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നതിനെതിരെ ശശി തരൂർ കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു. ജി-23 ഗ്രൂപ്പിന്റെ ഭാഗമായി ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത 2021 മുതൽ തരൂർ-കോൺഗ്രസ് ബന്ധം അനിശ്ചിതത്വത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള തരൂരിന്റെ ചില അഭിപ്രായങ്ങളെച്ചൊല്ലി കോൺഗ്രസ് നേതൃത്വം അടുത്തിടെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.