BusinessNews

1 ജിബി പ്ലാനുകൾ അപ്രത്യക്ഷമാകുന്നു; ജിയോക്ക് പിന്നാലെ എയർടെലും വിഐയും, മൊബൈൽ റീചാർജ് നിരക്കുകൾ ഉയരും

മുംബൈ: റിലയൻസ് ജിയോ തങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള, പ്രതിദിനം 1 ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ പിൻവലിച്ചു തുടങ്ങിയതോടെ രാജ്യത്തെ മൊബൈൽ റീചാർജ് നിരക്കുകളിൽ പുതിയ മാറ്റത്തിന് കളമൊരുങ്ങുന്നു. ഉപഭോക്താക്കളുടെ എണ്ണം കൂട്ടുക എന്നതിലുപരി, ഓരോ ഉപഭോക്താവിൽ നിന്നുമുള്ള വരുമാനം (ARPU) വർധിപ്പിക്കുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് വിപണി വിദഗ്ദ്ധർ വിലയിരുത്തുന്നു. ജിയോയുടെ ഈ നീക്കത്തിന് പിന്നാലെ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (വിഐ) തുടങ്ങിയ കമ്പനികളും തങ്ങളുടെ 1 ജിബി പ്ലാനുകൾ പിൻവലിക്കാനാണ് സാധ്യത.

മാറുന്ന വിപണി തന്ത്രം

പ്രതിദിനം 1 ജിബി ഡാറ്റ നൽകിയിരുന്ന 28 ദിവസത്തെ ₹249 പ്ലാൻ ജിയോ തങ്ങളുടെ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തു. നിലവിൽ ഈ പ്ലാൻ റീട്ടെയിൽ സ്റ്റോറുകളിൽ മാത്രമാണ് ലഭ്യമാകുന്നത്. സമാനമായ 22 ദിവസത്തെ ₹209 പ്ലാൻ മൈജിയോ ആപ്പിൽ മാത്രമായി പരിമിതപ്പെടുത്തി. ഈ പ്ലാനുകൾക്ക് ആവശ്യക്കാർ കുറഞ്ഞുവരികയാണെന്നും വൈകാതെ പൂർണ്ണമായും നിർത്തലാക്കുമെന്നും കമ്പനിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.

“ജിയോ നെറ്റ്‌വർക്കിൽ ഒരാളുടെ ശരാശരി പ്രതിമാസ ഡാറ്റാ ഉപയോഗം 40 ജിബിയോട് അടുക്കുകയാണ്. ഈ സാഹചര്യത്തിൽ, കുറഞ്ഞ ഡാറ്റ നൽകുന്ന പ്ലാനുകൾക്ക് പ്രസക്തിയില്ലാതാകുന്നു,” ഒരു ടെലികോം വിദഗ്ദ്ധൻ പറഞ്ഞു. ഉപഭോക്താക്കളെ ഉയർന്ന മൂല്യമുള്ള 1.5 ജിബി പ്ലാനുകളിലേക്ക് മാറ്റുക എന്നതാണ് കമ്പനികളുടെ ലക്ഷ്യം.

കമ്പനികൾക്ക് കോടികളുടെ നേട്ടം

ഈ നീക്കം കമ്പനികളുടെ വരുമാനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് ജെഎം ഫിനാൻഷ്യൽ പോലുള്ള ഏജൻസികളുടെ വിലയിരുത്തൽ. ജിയോയുടെ 49.8 കോടി ഉപഭോക്താക്കളിൽ ഏകദേശം 20-25% പേർ 1 ജിബി പ്ലാനുകളാണ് ഉപയോഗിച്ചിരുന്നത്. ഇവർ പുതിയ 1.5 ജിബി പ്ലാനിലേക്ക് മാറുമ്പോൾ, ജിയോയുടെ ARPU (ഒരാളിൽ നിന്നുള്ള ശരാശരി വരുമാനം) പ്രതിമാസം ₹11-13 വരെ വർധിക്കും. ഇത് കമ്പനിയുടെ പ്രവർത്തന ലാഭത്തിൽ ₹1,900-₹2,200 കോടിയുടെ വാർഷിക വർധനവുണ്ടാക്കും.

സമാനമായ നീക്കം എയർടെൽ നടത്തിയാൽ അവരുടെ ARPU ₹10-11 വരെയും, വോഡഫോൺ ഐഡിയയുടേത് ₹13-14 വരെയും ഉയർന്നേക്കാം. ഇത് ടെലികോം വ്യവസായം കൂടുതല്‍ ലാഭം ഉന്നമിടുന്നതിന്റെ സൂചനയാണെന്നും, 4ജി, 5ജി സേവനങ്ങളിൽ ഭാവിയിൽ വരാനിരിക്കുന്ന താരിഫ് വർധനവുകളുടെ മുന്നോടിയാണിതെന്നും മോർഗൻ സ്റ്റാൻലിയിലെ വിദഗ്ദ്ധർ പറയുന്നു.