
കൊച്ചി: “മരിക്കാൻ എനിക്ക് പേടിയാണ്, ഞാൻ എന്തു ചെയ്യും ദൈവമേ…” – കടലാസുതുണ്ടിൽ കോറിയിട്ട ഈ വാക്കുകളോരോന്നും ഒരു നാടിന്റെ മുഴുവൻ നൊമ്പരമാവുകയാണ്. കൊള്ളപ്പലിശക്കാരുടെ നിരന്തരമായ ഭീഷണിയെയും മാനസിക പീഡനത്തെയും തുടർന്ന് എറണാകുളം കോട്ടുവള്ളിയിൽ പുഴയിൽ ചാടി ജീവനൊടുക്കിയ വീട്ടമ്മ ആശ ബെന്നി (41)യുടെ എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പിലെ വരികളാണിത്. ലക്ഷത്തിന് പതിനായിരം രൂപ പലിശ നൽകേണ്ടി വന്നതിന്റെയും, മുതലും പലിശയും തിരിച്ചടച്ചിട്ടും വീണ്ടും ലക്ഷങ്ങൾ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിന്റെയും നേർസാക്ഷ്യമാണ് ആശയുടെ കുറിപ്പ്.
സംഭവത്തിൽ, ആശയുടെ അയൽവാസിയും വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കൈക്കൂലി കേസിലെ മുൻ പ്രതിയുമായ റിട്ടയേർഡ് പോലീസുകാരൻ പ്രദീപ് കുമാർ, ഭാര്യ ബിന്ദു എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണ്.
വീടിനോട് ചേർന്നുള്ള പലചരക്കുകട വിപുലീകരിക്കാനാണ് ആശ, പ്രദീപിൽ നിന്നും ബിന്ദുവിൽ നിന്നും പണം കടം വാങ്ങിയത്. ഏകദേശം പത്ത് ലക്ഷം രൂപയോളം വാങ്ങിയിരുന്നതായാണ് വിവരം. എന്നാൽ, പിന്നീട് നടന്നത് കൊള്ളപ്പലിശയുടെ ക്രൂരമായ ചൂഷണമായിരുന്നു.
“ഞാൻ ഒരു ലക്ഷത്തിന് പതിനായിരം രൂപ പലിശ കൊടുത്തിരുന്നു,” എന്ന് ആശ കുറിപ്പിൽ പറയുന്നു. ഭർത്താവിന്റെ ചിട്ടിപ്പണമായ എട്ടര ലക്ഷം രൂപയും, സ്വന്തം സ്വർണ്ണവും മറ്റുള്ളവരിൽ നിന്ന് വാങ്ങിയ സ്വർണ്ണവും പണയം വെച്ച് കിട്ടിയ പണവും ഉപയോഗിച്ച് കടം വീട്ടിയെന്ന് ആശ വ്യക്തമാക്കുന്നു. “ഞാൻ പൈസ മേടിച്ചത് കൊടുത്തതാണ്, രേഖ വാങ്ങിച്ചില്ല. നിങ്ങൾക്ക് എല്ലാം തന്നു,” എന്ന് കുറിപ്പിൽ പറയുന്നുണ്ട്. എന്നാൽ, 22 ലക്ഷം രൂപ കൂടി നൽകണമെന്നും അതിനായി മുദ്രപ്പത്രത്തിൽ ഒപ്പിട്ടുതരണമെന്നും പറഞ്ഞ് പ്രദീപും ബിന്ദുവും നിരന്തരം ഭീഷണിപ്പെടുത്തി.
മരിക്കുന്നതിന് തലേദിവസം നടന്ന സംഭവത്തെക്കുറിച്ച് ആശ കുറിച്ചത് ഇങ്ങനെ: “ഇന്നലെ പ്രദീപ് കുമാറും ഭാര്യ ബിന്ദുവും വീട്ടിൽ വന്ന് ബഹളം ഉണ്ടാക്കി. എന്നെ ഭീഷണിപ്പെടുത്തി. നാളെ മുദ്രപ്പത്രത്തിൽ ഒപ്പിട്ടു കൊടുക്കണം, അല്ലെങ്കിൽ ഇവിടെയെല്ലാം നാറ്റിക്കും, ഇവിടെ വന്ന് തലതല്ലിച്ചാകും എന്ന് ഭീഷണിപ്പെടുത്തി.”
പലിശക്കാരുടെ സമ്മർദ്ദം താങ്ങാനാവാതെ, ദിവസങ്ങൾക്ക് മുൻപ് ആശ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് കുടുംബം എസ്പി ഓഫീസിൽ പരാതി നൽകി. പോലീസ് ഇരുകൂട്ടരെയും വിളിപ്പിച്ച്, ആശയുടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തരുതെന്ന് പ്രദീപിനും ബിന്ദുവിനും കർശനമായ താക്കീത് നൽകിയിരുന്നു. എന്നാൽ, പോലീസിന്റെ മുന്നറിയിപ്പ് വകവെക്കാതെ ഇവർ വീണ്ടും വീട്ടിലെത്തി ഭീഷണി തുടർന്നതാണ് ആശയെ മരണത്തിലേക്ക് തള്ളിവിട്ടത്.
“എന്നെയും ഭർത്താവിനെയും ജീവിക്കാൻ അനുവദിക്കില്ല, പുറം ലോകം കാണില്ല എന്ന് ഭീഷണിപ്പെടുത്തി,” എന്നും “ഞാൻ മരിച്ചാൽ ഉത്തരവാദി ബിന്ദു പ്രദീപും കുടുംബവുമാണ്,” എന്നും കുറിപ്പിൽ വ്യക്തമായി പറയുന്നുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകാനൊരുങ്ങുകയാണ് ആശയുടെ കുടുംബം. ആശയുടെ സംസ്കാരം ഇന്ന് വൈകിട്ട് കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)