NewsPolitics

ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത മന്ത്രിമാർ! പിണറായിക്ക് പിഴച്ചതെവിടെ? പരമ്പര – 1

പിണറായി വിജയന് പിഴച്ചതെവിടെ? 2021ൽ തുടർഭരണം നേടി കേരളത്തിൽ ചരിത്രം രചിച്ച പിണറായി വിജയന് പിന്നിട് തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ചക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. അജയ്യനായ പിണറായി ഇന്ന് പരാജിതനായി മുഖം കുനിച്ചിരിക്കുന്നു. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഒരു തെരഞ്ഞെടുപ്പ് വിജയം പിണറായിയിൽ നിന്ന് അകന്നു. ലോക്‌സഭ, നിയമസഭ ഉപ തെരഞ്ഞെടുപ്പുകൾ അടക്കം 26 ഇടങ്ങളിൽ പിണറായി നേതൃത്വം കൊടുത്തിട്ടും ജയിക്കാനായത് 2 എണ്ണത്തിൽ മാത്രം. ആലത്തൂർ ലോക്‌സഭയിലും, ചേലക്കര ഉപ തെരഞ്ഞെടുപ്പിലും ആണ് ജയിക്കാൻ ആയത്.

കെ.രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവത്തിലായിരുന്നു ചേലക്കരയിലും ആലത്തൂരും ജയിക്കാനായത്. ഫലത്തിൽ പിണറായിയുടെ നേതൃത്വശേഷി അമ്പേ പരാജയപ്പെട്ടിരിക്കുന്നു. ജനവിരുദ്ധ നയങ്ങൾ സ്വികരിച്ചത് വഴി ഭരണ വിരുദ്ധ വികാരം അതിശക്തമായതാണ് പിണറായിയുടേയും സംഘത്തിന്റേയും വൻ തോൽവിയുടെ പ്രധാന കാരണം. പിണറായിക്ക് പിഴച്ചതെവിടെ എന്നതിന്റെ കാരണങ്ങൾ തേടുകയാണ് മലയാളം മീഡിയ ലൈവ്.

ഒന്നാം പിണറായി സർക്കാരിൽ മന്ത്രിമാരിൽ ഭൂരിഭാഗവും വ്യക്തിഗത മികവിലും ഭരണത്തിലും മുന്നിൽ ആയിരുന്നു. പിണറായിയേക്കാൾ കേമൻമാരായ മന്ത്രിമാർ ആ ഭരണത്തിൽ ഉണ്ടായിരുന്നു. അവരുടെ മിടുക്കിന്റെ പ്രതിഫലനം ആയിരുന്നു തുടർഭരണം. എന്നാൽ തുടർഭരണം കിട്ടിയത് തന്റെ മിടുക്ക് മാത്രം ആണെന്ന രീതിയിലേക്ക് പി.ആർ തന്ത്രങ്ങൾ ഒരുക്കാൻ പിണറായിക്ക് സാധിച്ചു. പി.ആർ ഭാവനയിൽ തിളങ്ങി പിണറായിക്ക് അജയ്യ പരിവേഷം ലഭിച്ചു. പാടി പുകഴ്ത്താൻ പാണൻമാരെ പിണറായി തന്നെ സൃഷ്ടിച്ചു.

കേമൻമാരായ മന്ത്രിമാർ തന്റെ കാബിനറ്റിൽ വേണ്ടെന്ന് പിണറായി ആദ്യം തന്നെ തീരുമാനമെടുത്തു. തുടർച്ചയായി രണ്ട് തവണ മൽസരിച്ചവർക്ക് സീറ്റില്ല എന്ന തീരുമാനം ഇതിന്റെ ആദ്യ പടി ആയിരുന്നു. കേമൻമാർ ആദ്യം തന്നെ പടിക്ക് പുറത്തായി. ശക്തമായ സമ്മർദ്ദം ചെലുത്തി കേമിയായ കെ.കെ. ശൈലജ എം.എൽ.എ സീറ്റ് ഒപ്പിച്ചെങ്കിലും പിണറായി മന്ത്രിയാക്കിയില്ല. എന്തിനേറെ പറയുന്നു, സത്യപ്രതിജ്ഞ ചെയ്യാൻ പിണറായി നടന്ന് വരുമ്പോൾ അടുത്ത് നിന്ന് ചിരിക്കാൻ ശ്രമിച്ച ശൈലജയെ പിണറായി മൈൻഡ് പോലും ചെയ്തില്ല.

മലയാളിയുടെ കഷ്ടകാലത്തിന് ശൈലജയുടെ സ്ഥാനത്ത് വീണ ജോർജ് എത്തി. വീണയുടെ ആരോഗ്യ ഭരണം സർക്കാരിനെ ജന വിരുദ്ധമാക്കുന്നതിൽ പ്രഥമ പങ്ക് വഹിക്കുന്നു. വീണയുടെ ഭരണം ഇങ്ങനെ തുടർന്നാൽ 2026 ജയിച്ച് വരുന്ന സി.പി.എം എം.എൽ.എ മാരുടെ ഒറ്റസംഖ്യയിൽ ഒതുങ്ങും.

പി.എ. മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി, ആർ. ബിന്ദു, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, എം.ബി. രാജേഷ്, വി.എൻ. വാസവൻ എന്നീ മന്ത്രിമാരിൽ പാസ് മാർക്ക് വ്യവസായ മന്ത്രി പി. രാജീവിന് മാത്രം. ഘടക കക്ഷി മന്ത്രിമാരിൽ ശശീന്ദ്ര ഭരണം മലയോര മേഖലയെ മുഴുവൻ ജനങ്ങളിൽ നിന്നകറ്റിയിരിക്കുകയാമ്. പുതിയ മന്ത്രിമാരെ ഐ.എം.ജിയിൽ പിണറായി ട്രെയിനിങ്ങിന് അയച്ചെങ്കിലും അവർ ഒന്നും പഠിച്ചില്ല എന്നത് ചരിത്രം.

ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത മന്ത്രിമാരെ തെരഞ്ഞെടുത്തതാണ് പിണറായിക്ക് പറ്റിയ ആദ്യ പിഴവ്. അവിടുന്ന് തുടങ്ങിയ താളപ്പിഴകൾ ജനങ്ങളെ സർക്കാരിൽ നിന്നകറ്റി. മന്ത്രിമാരെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം എന്ന വലിയ പാഠമാണ് രണ്ടാം പിണറായി സർക്കാർ നൽകുന്നത്.