
വിഴിഞ്ഞത്ത് 8 മാസം കൊണ്ട് വരുമാനം 450 കോടി കടന്നു, വെല്ലുവിളി വിദേശ ഹബ്ബുകൾക്ക്
തിരുവനന്തപുരം: വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് എട്ടാം മാസത്തിലേക്ക് കടക്കുമ്പോൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് റെക്കോർഡ് നേട്ടം. ചരക്ക് നീക്കത്തിലൂടെയുള്ള വരുമാനം 450 കോടി രൂപ പിന്നിട്ടു. ഇതുവരെ 448 കപ്പലുകൾ തുറമുഖത്ത് നങ്കൂരമിട്ടപ്പോൾ, കൈകാര്യം ചെയ്തത് 9.77 ലക്ഷം കണ്ടെയ്‌നറുകളാണ്. ഈ നേട്ടം ഇന്ത്യയുടെ വ്യാപാര ഭൂപടത്തിൽ വിഴിഞ്ഞത്തെ ഒരു നിർണായക ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബായി അടയാളപ്പെടുത്തുന്നു.
തന്ത്രപരമായ വിജയം
രാജ്യത്ത് പ്രതിവർഷം നടക്കുന്ന രണ്ടരക്കോടിയോളം കണ്ടെയ്നർ ചരക്കുനീക്കത്തിൽ വലിയൊരു ഭാഗം കൈകാര്യം ചെയ്തിരുന്നത് ശ്രീലങ്കയിലെ കൊളംബോ, സിംഗപ്പൂർ, സലാല തുടങ്ങിയ വിദേശ തുറമുഖങ്ങളായിരുന്നു. കൂറ്റൻ മദർഷിപ്പുകൾക്ക് അടുക്കാൻ ഇന്ത്യയിൽ സൗകര്യമില്ലാതിരുന്നതാണ് ഇതിന് കാരണം. എന്നാൽ, 400 മീറ്ററോളം നീളമുള്ള മദർഷിപ്പുകൾക്ക് അനായാസം നങ്കൂരമിടാൻ കഴിയുന്ന വിഴിഞ്ഞം വന്നതോടെ ഈ സ്ഥിതി മാറി.
വിദേശ തുറമുഖങ്ങൾ വഴി ഏകദേശം 30 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്നതിലൂടെ 22 കോടി ഡോളറിന്റെ (ഏകദേശം 1800 കോടി രൂപ) വിദേശനാണ്യമാണ് ഓരോ വർഷവും രാജ്യത്തിന് നഷ്ടമായിരുന്നത്. ഇതിൽ 15 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി നിലവിൽ വിഴിഞ്ഞം സ്വന്തമാക്കിക്കഴിഞ്ഞു. ഇത് രാജ്യത്തിന് വലിയ സാമ്പത്തിക നേട്ടമാണ് സമ്മാനിക്കുന്നത്.
വികസന കുതിപ്പ്
വിഴിഞ്ഞത്തിന്റെ വളർച്ചയുടെ ആദ്യ ഘട്ടം മാത്രമാണിത്. 10,000 കോടി രൂപ നിക്ഷേപത്തിൽ അദാനി ഗ്രൂപ്പ് നടപ്പാക്കുന്ന രണ്ടാംഘട്ട വികസനം 2028-ൽ പൂർത്തിയാകുന്നതോടെ തുറമുഖത്തിന്റെ ശേഷി ഇരട്ടിയാകും.
- ബെർത്തിന്റെ നീളം 800 മീറ്ററിൽ നിന്ന് 2 കിലോമീറ്ററായി വർധിക്കും. ഒരേസമയം നാല് കൂറ്റൻ മദർഷിപ്പുകൾക്ക് വരെ അടുക്കാൻ ഇതോടെ സാധിക്കും.
- ഷിപ്പ് ടു ഷോർ ക്രെയിനുകളുടെ എണ്ണം 8-ൽ നിന്ന് 20 ആയും യാർഡ് ക്രെയിനുകൾ 24-ൽ നിന്ന് 60 ആയും ഉയരും.
- ഇന്ധന ബങ്കറിങ്, റോഡ്-റെയിൽ മാർഗങ്ങളുമായുള്ള സംയോജനം എന്നിവയും രണ്ടാം ഘട്ടത്തിൽ യാഥാർത്ഥ്യമാകും.
സർക്കാരിനും നേട്ടം
തുറമുഖത്തിന്റെ ഈ നേട്ടം സംസ്ഥാന സർക്കാരിന്റെ വരുമാനത്തിലും പ്രതിഫലിക്കും. നിലവിൽ ജിഎസ്ടി ഇനത്തിൽ 75 കോടി രൂപ സർക്കാരിന് ലഭിച്ചിട്ടുണ്ട്. കരാർ പ്രകാരം, 2034 മുതൽ തുറമുഖത്തിന്റെ വരുമാനത്തിന്റെ ഒരു ശതമാനം സർക്കാരിന് ലഭിച്ചു തുടങ്ങും. ഓരോ വർഷവും ഇത് ഒരു ശതമാനം വീതം വർധിച്ച് 40 ശതമാനം വരെ എത്തും. ഇതുവഴി 40 വർഷം കൊണ്ട് സംസ്ഥാന സർക്കാരിന് ഏകദേശം 25,000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ.