
ക്ഷാമബത്ത കിട്ടാൻ തദ്ദേശ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരുമോ? മെല്ലെപ്പോക്കിൽ കെ.എൻ. ബാലഗോപാൽ
ക്ഷാമബത്ത 3 ശതമാനം അനുവദിക്കുന്ന ഫയൽ ജൂലൈ 25 ന് കയ്യിൽ കിട്ടിയിട്ടും തീരുമാനമെടുക്കാതെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജൂലൈ 25 നാണ് ധന അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ ക്ഷാമബത്ത ഫയൽ ധനമന്ത്രിക്ക് കൈമാറിയത്. 2022 ജൂലൈ പ്രാബല്യത്തിലെ 3 ശതമാനം ക്ഷാമബത്ത അനുവദിക്കുന്ന ഫയലാണ് തീരുമാനമെടുക്കാതെ ബാലഗോപാൽ വച്ചോണ്ടിരിക്കുന്നത്.
ഓണ സമ്മാനമായി ക്ഷാമബത്ത ലഭിക്കും എന്ന ജീവനക്കാരുടെ പ്രതീക്ഷക്കാണ് ബാലഗോപാലിൻ്റെ മെല്ലെപ്പോക്ക് നയം പാരയാകുന്നത്. ഈ ആഴ്ച ക്ഷാമബത്ത ഫയലിൽ അനുകൂലമായ തീരുമാനം ബാലഗോപാൽ എടുത്താൽ മാത്രമേ സെപ്റ്റംബർ ആദ്യം വിതരണം ചെയ്യുന്ന ശമ്പളത്തോടൊപ്പം ലഭിക്കുകയുള്ളു. അവസാന ആഴ്ച ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കുന്നത് കൊണ്ട് വൈകി തീരുമാനം ആയാലും സെപ്റ്റംബറിൽ വിതരണം ചെയ്യുന്ന ശമ്പളത്തോടൊപ്പം പ്രഖ്യാപിക്കുന്ന ക്ഷാമബത്തയുടെ ഗുണം ലഭിക്കില്ല.
തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ക്ഷാമബത്ത നൽകിയാൽ മതിയെന്ന നിലപാടിലാണ് ബാലഗോപാൽ എന്നാണ് ലഭിക്കുന്ന വിവരം. നവംബറിൽ ആണ് തദ്ദേശ തെരഞ്ഞെടുപ്പെങ്കിൽ നവംബർ 1 മുതൽ വിതരണം ചെയ്യുന്ന ശമ്പളത്തോടൊപ്പം പുതിയ ഡി.എ ലഭിക്കുന്ന രീതിയിൽ ഉത്തരവ് ഇറക്കാം എന്നാണ് ബാലഗോപാലിൻ്റെ ആലോചന. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് ഗുണപ്പെടുമെന്നും നേരത്തെ നൽകിയാൽ ഇതിൻ്റെ പ്രയോജനം ലഭിക്കില്ലെന്നുമാണ് ബാലഗോപാലിൻ്റെ വോട്ട് തന്ത്രം.
ഐ എ എസ് , ഐ.പി.എസ് അടക്കമുള്ള ഓൾ ഇന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും ജുഡിഷ്യൽ ഓഫിസർമാർക്കും പി.എസ്. സി ചെയർമാനും അംഗങ്ങൾക്കും ക്ഷാമബത്ത അനുവദിക്കാൻ തെരഞ്ഞെടുപ്പ് വരെ ബാലഗോപാൽ കാത്തിരിക്കാറില്ല. ആറ് മാസം കൂടുമ്പോൾ ഇവർക്കെല്ലാം ക്ഷാമബത്ത കൃത്യമായി കിട്ടും. കുടിശിക പണമായും നൽകും. അതേ സമയം സർക്കാർ ജീവനക്കാരുടേയും പെൻഷൻ കാരുടേയും ക്ഷാമബത്തയും ക്ഷാമ ആശ്വാസവും അനുവദിക്കുമ്പോൾ മാത്രമാണ് ബാലഗോപാൽ സമയവും കാലവും നോക്കുന്നത് എന്നാണ് പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിക്കുന്നത്.