
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി അധ്യാപകർക്ക് ഒരു ദിവസം ശരാശരി രണ്ട് മണിക്കൂറിൽ കൂടുതൽ ജോലിഭാരമില്ലെന്ന് സർക്കാർ. അതിനാൽ, സ്കൂളിലെ ക്ലർക്കിന്റെയും ലൈബ്രേറിയന്റെയും അധിക ചുമതലകൾ അധ്യാപകരും പ്രിൻസിപ്പൽമാരും പങ്കിടണമെന്നും നിർദ്ദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഈ വിചിത്രവാദങ്ങൾ അധ്യാപകർക്കിടയിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
എറണാകുളം വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂളിൽ അനധ്യാപക തസ്തികകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാനേജർ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ ഈ പരാമർശങ്ങൾ. ഹയർ സെക്കൻഡറിയിൽ ഒരു മുഴുവൻ സമയ ക്ലർക്കിനുള്ള ജോലികളില്ലാത്തതിനാൽ, ആ ജോലികൾ കൂടി ചെയ്യുന്നതിനാണ് പ്രിൻസിപ്പലിന്റെ അധ്യാപന സമയം ആഴ്ചയിൽ എട്ടു പീരിയഡായി കുറച്ചതെന്നാണ് സർക്കാർ വാദം.
അനാവശ്യ തസ്തികകൾ അനുവദിച്ചാൽ അത് സംസ്ഥാനത്തുടനീളം ആവശ്യമായി വരുമെന്നും സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ഉത്തരവിൽ പറയുന്നു. അതിനാൽ, അധ്യാപകർക്ക് കാര്യമായ ജോലിഭാരമില്ലാത്തതിനാൽ ലൈബ്രറിയുടെ ചുമതല കൂടി ഏറ്റെടുക്കണമെന്നാണ് നിർദ്ദേശം.
വായന പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഒരു വശത്ത് ഗ്രേസ് മാർക്ക് നൽകുകയും, സ്കൂളുകളിൽ ലൈബ്രേറിയൻ തസ്തിക അനുവദിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിക്കുകയും ചെയ്യുമ്പോഴാണ് സാമ്പത്തിക ബാധ്യതയുടെ പേരിൽ സർക്കാർ തസ്തികകൾ നിഷേധിക്കുന്നത് എന്ന വൈരുദ്ധ്യവും ശ്രദ്ധേയമാണ്. നിലവിൽ ഒരു സ്കൂളിലും ഹയർ സെക്കൻഡറിക്ക് മാത്രമായി അനധ്യാപക തസ്തികകൾ അനുവദിച്ചിട്ടില്ലെന്നും സർക്കാർ മറുപടിയിൽ വ്യക്തമാക്കുന്നു.