
തേജസ്വി ഡ്രൈവർ, രാഹുൽ യാത്രക്കാരൻ; ബിഹാർ പിടിക്കാൻ ഒറ്റ ജീപ്പിലൊരു യാത്ര!
സസാറാം (ബിഹാർ): ബിഹാറിലെ വഴികൾ തനിക്ക് സുപരിചിതമാണെന്ന് തെളിയിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ് ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിലേറിയപ്പോൾ, സഹയാത്രികനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സസാറാമിലെ പൊടി നിറഞ്ഞ പാടവരമ്പത്തുകൂടി ‘ഇന്ത്യ’ സഖ്യത്തിലെ നേതാക്കളെയും വഹിച്ചുകൊണ്ട് തേജസ്വി ജീപ്പ് ഓടിച്ചപ്പോൾ അത് യാത്രയ്ക്ക് ആവേശകരമായ തുടക്കമായി.
കോൺഗ്രസിന്റെ ‘വോട്ടവകാശ യാത്ര’യുടെ ഉദ്ഘാടനത്തിന് പിന്നാലെയായിരുന്നു ഈ സൗഹൃദയാത്ര. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും ചേർന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തതിന് ശേഷമായിരുന്നു രാഹുലിന്റെയും തേജസ്വിയുടെയും അപ്രതീക്ഷിത ജീപ്പ് റൈഡ്. വികാസശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നി, സിപിഐഎംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയവരും ജീപ്പിലുണ്ടായിരുന്നു.

കോൺഗ്രസ് പരിപാടിയായിരുന്നെങ്കിലും ആർജെഡി, ഇടതുപക്ഷ പ്രവർത്തകരുടെ കുത്തൊഴുക്കിൽ യാത്ര വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഉദ്ഘാടന സമ്മേളനത്തിൽ കനയ്യ കുമാർ, അജയ് റായ് തുടങ്ങിയ നേതാക്കൾ ആവേശകരമായ പ്രസംഗങ്ങൾ നടത്തി. ഖർഗെയ്ക്കും കെ.സി. വേണുഗോപാലിനുമൊപ്പം ഹെലികോപ്റ്ററിലാണ് രാഹുൽ എത്തിയത്. തുടർന്ന് ഖർഗെയും ലാലുവും ചേർന്ന് ദേശീയ പതാക രാഹുലിനും തേജസ്വിക്കും കൈമാറി യാത്രയ്ക്ക് തുടക്കം കുറിച്ചു.
തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് നീങ്ങിയ യാത്ര ബിഹാറിലെ ഗ്രാമീണ വഴികളിലൂടെ കടന്നുപോകുമ്പോൾ അഭൂതപൂർവമായ സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്.