
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ വധിച്ച കേസിലെ പ്രതി ഉൾപ്പെടെ ആറംഗ സംഘത്തെ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പോലീസ് പിടികൂടി. മട്ടന്നൂർ ചാലോടുള്ള ഒരു ഹോട്ടലിൽ നിന്നാണ് യുവതി ഉൾപ്പെട്ട സംഘത്തെ ഡാൻസാഫ് ടീമിന്റെ സഹായത്തോടെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഷുഹൈബ് വധക്കേസിലെ ആറാം പ്രതിയായ പാലയോട് സ്വദേശി കെ. സഞ്ജയ് ആണ് പിടിയിലായവരിൽ പ്രമുഖൻ.
ഇയാളെ കൂടാതെ പാലയോട് സ്വദേശി മജ്നാസ്, ഏച്ചൂർ സ്വദേശിനി രജിന രമേശൻ, ആദികടലായി സ്വദേശി മുഹമ്മദ് റനീസ്, ചെമ്പിലോട് സ്വദേശി സഹദ്, പഴയങ്ങാടി സ്വദേശി കെ.ശുഹൈബ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 27.82 ഗ്രാം എംഡിഎംഎ, ഇത് തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, ചെറിയ സിബ് ലോക്ക് കവറുകൾ, പണം എന്നിവ പോലീസ് കണ്ടെടുത്തു.
മട്ടന്നൂർ എസ്എച്ച്ഒ എം. അനിലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ പി. സജീവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാഹുൽ, നിഷാദ്, സിവിൽ പോലീസ് ഓഫീസർമാരായ ധനേശൻ, നിപിൻ, അതുല്യ, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും ലഹരിമരുന്ന് ഇടപാടിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.