News

എം.വി. ഗോവിന്ദൻ മാഷ്, പത്താം ക്ലാസും ഡിപ്ലോമയും, ആസ്തി 1 കോടിക്ക് മുകളിൽ

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുതിർന്ന നേതാവുമായ എം.വി ഗോവിന്ദന് തന്റെയും ഭാര്യയുടെയും പേരിലായി ഒരു കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്നും, അദ്ദേഹത്തിനെതിരെ നാല് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും സത്യവാങ്മൂലം.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നതിനായി നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പത്താം ക്ലാസ് വിജയവും ഫിസിക്കൽ എജ്യുക്കേഷനിലെ ഡിപ്ലോമയുമാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയായി രേഖപ്പെടുത്തിയിട്ടുള്ളത്.

സത്യവാങ്മൂലം അനുസരിച്ച്, എം.വി ഗോവിന്ദന്റെയും ഭാര്യയും മുൻ ആന്തൂർ നഗരസഭാ അധ്യക്ഷയുമായ പി.കെ ശ്യാമളയുടെയും പേരിലായി മൊത്തം 1 കോടി 19 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്. ഇതിൽ 70,41,626 രൂപയുടെ ജംഗമ ആസ്തിയും (Movable Assets) 49,00,000 രൂപയുടെ സ്ഥാവര ആസ്തിയും (Immovable Assets) ഉൾപ്പെടുന്നു.

ആസ്തിയുടെ വിശദാംശങ്ങൾ

ജംഗമ ആസ്തികളിൽ ഭൂരിഭാഗവും ഭാര്യ പി.കെ ശ്യാമളയുടെ പേരിലാണ്. എം.വി ഗോവിന്ദന്റെ പേരിൽ 8,81,015 രൂപയുടെ ജംഗമ ആസ്തിയാണുള്ളത്. ഇതിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിലെ 10,000 രൂപയുടെ ഓഹരിയും ഉൾപ്പെടുന്നു. അതേസമയം, ഭാര്യ പി.കെ ശ്യാമളയുടെ പേരിൽ 61,60,611 രൂപയുടെ ജംഗമ ആസ്തിയുണ്ട്. വിവിധ ബാങ്കുകളിലെയും സഹകരണ സ്ഥാപനങ്ങളിലെയും സ്ഥിരനിക്ഷേപങ്ങൾ, ഒരു ലക്ഷം രൂപയുടെ ഓഹരി, 5 ലക്ഷം രൂപ വിലമതിക്കുന്ന 120 ഗ്രാം സ്വർണ്ണാഭരണങ്ങൾ, 2010-ൽ വാങ്ങിയ മാരുതി സ്വിഫ്റ്റ് കാർ എന്നിവ ഇതിൽപ്പെടുന്നു.

സ്ഥാവര ആസ്തികളുടെ കാര്യത്തിൽ, എം.വി ഗോവിന്ദന്റെ പേരിൽ മൊറാഴ, അണ്ടൂർ വില്ലേജുകളിലായി 29 ലക്ഷം രൂപ വിലമതിക്കുന്ന ഭൂസ്വത്തുണ്ട്. ഇതിൽ 2500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടിന്റെ മൂല്യം 25 ലക്ഷം രൂപയാണ്. ഭാര്യ പി.കെ ശ്യാമളയുടെ പേരിൽ ഉളിയിൽ, കൊളാരി വില്ലേജുകളിലായി 20 ലക്ഷം രൂപ വിലമതിക്കുന്ന 4.51 ഏക്കർ കൃഷിഭൂമിയുമുണ്ട്. പെൻഷനാണ് ഇരുവരുടെയും പ്രധാന വരുമാന മാർഗ്ഗമെന്നും, ഭാര്യക്ക് കൃഷിയിൽ നിന്നും വരുമാനം ലഭിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

നിലവിലുള്ള ക്രിമിനൽ കേസുകൾ

സത്യവാങ്മൂലത്തിലെ വിവരങ്ങൾ പ്രകാരം എം.വി ഗോവിന്ദനെതിരെ നാല് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇതിൽ രണ്ടെണ്ണം പൊതുയോഗം നടത്തി ഗതാഗതം തസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ്. തൃക്കാക്കര, തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്റ്റേഷനുകളിലാണ് ഈ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റ് രണ്ട് കേസുകൾ ദേശാഭിമാനി പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന സമയത്ത് അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചു എന്ന പരാതിയിന്മേലുള്ളതാണ്. പാലക്കാട്, ഇരിങ്ങാലക്കുട കോടതികളിലാണ് ഈ കേസുകൾ നിലനിൽക്കുന്നത്. എന്നാൽ, ഈ നാല് കേസുകളിലും കുറ്റം ചുമത്തിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

1967-ൽ കളിയാശ്ശേരി ഗവൺമെന്റ് ഹൈസ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി പാസായ അദ്ദേഹം, 1970-ൽ കോഴിക്കോട് ഗവൺമെന്റ് ഫിസിക്കൽ എജ്യുക്കേഷൻ കോളേജിൽ നിന്ന് കായിക വിദ്യാഭ്യാസത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.