News

‘കഴിവില്ലായ്മയും പക്ഷപാതവും’; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്, രാഹുലിന്റെ ആരോപണങ്ങൾ തള്ളി കമ്മീഷൻ

ന്യൂഡൽഹി: ‘വോട്ടുകൊള്ള’ എന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്താസമ്മേളനത്തിന് പിന്നാലെ രൂക്ഷ പരിഹാസവുമായി കോൺഗ്രസ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കഴിവില്ലായ്മയും പ്രകടമായ പക്ഷപാതവും പൂർണ്ണമായി തുറന്നുകാട്ടപ്പെട്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. രാഹുൽ ഗാന്ധി ഉന്നയിച്ച ഒരു ചോദ്യത്തിനും കമ്മീഷന് വ്യക്തമായ മറുപടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധിയുടെ ‘വോട്ടർ അധികാർ യാത്ര’യ്ക്ക് തൊട്ടുപിന്നാലെയാണ് കമ്മീഷൻ വാർത്താസമ്മേളനം നടത്തിയത്. ഭരണ-പ്രതിപക്ഷ കക്ഷികളോട് വിവേചനമില്ലെന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വാദം പരിഹാസ്യമാണെന്ന് ജയറാം രമേശ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഓഗസ്റ്റ് 14-ലെ സുപ്രീം കോടതി വിധി കമ്മീഷൻ അക്ഷരാർത്ഥത്തിൽ നടപ്പിലാക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, വോട്ടർപട്ടികയിൽ ക്രമക്കേടുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനത്തിൽ പൂർണ്ണമായി തള്ളി. ‘വോട്ട് കൊള്ള’ എന്ന പ്രയോഗം തെറ്റാണ്. വോട്ടർമാരുടെ ചിത്രങ്ങൾ അനുവാദമില്ലാതെ പുറത്തുവിട്ടതിലൂടെ രാഹുൽ ഗാന്ധി അവരുടെ സ്വകാര്യത ലംഘിക്കുകയും ഭരണഘടനയെ അപമാനിക്കുകയും ചെയ്തുവെന്ന് കമ്മീഷൻ തിരിച്ചടിച്ചു. വ്യാജ ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും ആരോപണം ഉന്നയിക്കുന്നവർ കൃത്യമായ തെളിവുകൾ ഹാജരാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വ്യക്തമാക്കി.