NewsPolitics

വോട്ട് മോഷണത്തിനെതിരെ രാഹുൽ ഗാന്ധിയുടെ വോട്ടവകാശ യാത്ര; ബീഹാറില്‍ ലക്ഷ്യങ്ങള്‍ പലത്

പട്ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നു മാസം മാത്രം ശേഷിക്കെ, സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ‘വോട്ടർ അധികാർ യാത്ര’യ്ക്ക് (വോട്ടവകാശ യാത്ര) നാളെ തുടക്കം കുറിക്കും. വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷത്തോളം പേരുകൾ ഒഴിവാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ‘വോട്ട് മോഷണം’ (വോട്ട് ചോരി) എന്ന മുദ്രാവാക്യം ഉയർത്തിയാണ് രാഹുലിന്റെ 16 ദിവസം നീണ്ടുനിൽക്കുന്ന പദയാത്ര.

ബീഹാറിലെ പ്രതിപക്ഷ ‘മഹാഗഡ്ബന്ധൻ’ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഊർജ്ജം പകരുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടിക്കെതിരെ പ്രതിപക്ഷം പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് രാഹുലിന്റെ യാത്ര എന്നത് ശ്രദ്ധേയമാണ്. ഈ വിഷയത്തിൽ സുപ്രീം കോടതി ഇടപെടുകയും, ഒഴിവാക്കിയ വോട്ടർമാരുടെ പട്ടിക കാരണം സഹിതം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

ഭാരത് ജോഡോ യാത്രയുടെ മാതൃകയിൽ കാൽനടയായും വാഹനത്തിലുമായി സംഘടിപ്പിക്കുന്ന യാത്ര, 16 ദിവസം കൊണ്ട് 1300 കിലോമീറ്ററിലധികം ദൂരം പിന്നിടും. 23 ജില്ലകളിലെ 50 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്ര സെപ്റ്റംബർ ഒന്നിന് പട്നയിലെ ഗാന്ധി മൈതാനിയിൽ നടക്കുന്ന മഹാറാലിയോടെ സമാപിക്കും. ആർജെഡി നേതാവ് തേജസ്വി യാദവ് ഉൾപ്പെടെയുള്ള സഖ്യകക്ഷി നേതാക്കൾ യാത്രയുടെ വിവിധ ഘട്ടങ്ങളിൽ രാഹുലിനൊപ്പം ചേരും.

പ്രതിപക്ഷ സഖ്യത്തിന് വ്യക്തമായ സ്വാധീനമുള്ള ഷഹാബാദ് മേഖലയിലെ സസാറാമിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത് എന്നത് തന്ത്രപരമായ നീക്കമാണ്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ മേഖലയിലെ നാല് സീറ്റുകളും മഹാഗഡ്ബന്ധൻ തൂത്തുവാരിയിരുന്നു. മഗധ്, അംഗ, സീമാഞ്ചൽ, മിഥില, ശരൺ തുടങ്ങിയ തങ്ങളുടെ ശക്തികേന്ദ്രങ്ങളിലൂടെയും നിർണ്ണായകമായ സ്വിംഗ് സീറ്റുകളിലൂടെയുമാണ് യാത്ര കടന്നുപോകുന്നത്.

2020-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരത്തിനൊടുവിൽ 125 സീറ്റുകൾ നേടി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ അധികാരം നിലനിർത്തുകയായിരുന്നു. മഹാഗഡ്ബന്ധന് 110 സീറ്റുകളാണ് ലഭിച്ചത്. അന്ന് 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് വെറും 19 ഇടത്ത് മാത്രമാണ് വിജയിക്കാനായത്. ഈ മോശം പ്രകടനം മെച്ചപ്പെടുത്തുക എന്നത് യാത്രയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

യാത്ര കടന്നുപോകുന്ന 50 നിയമസഭാ മണ്ഡലങ്ങളിൽ 21 എണ്ണം മാത്രമാണ് നിലവിൽ പ്രതിപക്ഷ സഖ്യത്തിന്റെ കയ്യിലുള്ളത്. 2020-ൽ ഈ 50 സീറ്റുകളിൽ 22 എണ്ണത്തിൽ മത്സരിച്ച കോൺഗ്രസിന് ജയിക്കാനായത് വെറും 7 സീറ്റിലാണ്. അതിനാൽ, കോൺഗ്രസിന്റെ അടിത്തറ ശക്തമാക്കുന്നതിലും പ്രവർത്തകരെ സജ്ജരാക്കുന്നതിലും ഈ യാത്ര നിർണ്ണായകമാകും.

വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്ക് പുറമെ, തൊഴിലില്ലായ്മ, കുടിയേറ്റം, കർഷകരുടെ ദുരിതങ്ങൾ തുടങ്ങിയ വിഷയങ്ങളും രാഹുൽ ഗാന്ധി യാത്രയിലുടനീളം ഉന്നയിക്കും. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും, ‘വോട്ട് മോഷ്ടാക്കൾക്ക്’ ജനങ്ങൾ നൽകുന്ന മറുപടിയായിരിക്കും ഈ യാത്രയെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്.