
പാലക്കാട്: നെന്മാറയിൽ നടത്തിയ വാഹനപരിശോധനയിൽ 10 കിലോഗ്രാം കഞ്ചാവുമായി അച്ഛനും മകനും അറസ്റ്റിൽ. നെന്മാറ ചാത്തമംഗലം സ്വദേശികളായ സെന്തിൽ കുമാർ (53), മകൻ കാർത്തിക് (23) എന്നിവരാണ് പിടിയിലായത്. ഇവർ ലഹരി കടത്തിനായി ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കൊല്ലംകോട്-വടക്കഞ്ചേരി സംസ്ഥാനപാതയിൽ വിത്തനശ്ശേരിക്ക് സമീപം വെച്ചാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.
സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്നതാണ് കഞ്ചാവെന്നാണ് പ്രാഥമിക നിഗമനം. ഇവർക്ക് പിന്നിൽ വലിയ ലഹരിമരുന്ന് ശൃംഖലയുണ്ടോയെന്നും, കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കും.