
ക്ഷാമബത്ത 3 ശതമാനം ; ഫയൽ ധനമന്ത്രിയുടെ കയ്യിൽ എത്തിയിട്ട് 23 ദിവസം! അടയിരുപ്പ് തുടർന്ന് കെ. എൻ. ബാലഗോപാൽ
തിരുവനന്തപുരം:സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയും ക്ഷാമആശ്വാസവും അനുവദിക്കുന്ന ഫയലിൽ അടയിരുപ്പ് തുടർന്ന് ധനമന്ത്രി കെ .എൻ. ബാലഗോപാൽ. ജൂലൈ 25-ന് ധന അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സമർപ്പിച്ച 3% ക്ഷാമബത്ത അനുവദിക്കുന്ന ഫയലാണ് 23 ദിവസമായി ധനമന്ത്രിയുടെ മേശപ്പുറത്തുള്ളത്. 2022 ജൂലൈ മുതൽ പ്രാബല്യത്തിൽ വരേണ്ട ക്ഷാമബത്തയും ക്ഷാമ ആശ്വാസവും ആണ് ഇതുമൂലം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വൈകുന്നത്.
അതേസമയം, ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥർ, പി.എസ്.സി. ചെയർമാൻ, അംഗങ്ങൾ എന്നിവർക്കുള്ള ക്ഷാമബത്ത അനുവദിക്കുന്ന ഫയലിൽ ധനമന്ത്രി അതിവേഗം തീരുമാനമെടുക്കും. ഈ വിഭാഗങ്ങൾക്ക് 9 ഗഡു ക്ഷാമബത്ത നൽകിയപ്പോൾ സാധാരണ ജീവനക്കാർക്ക് ലഭിച്ചത് വെറും 3 ഗഡുക്കൾ മാത്രമാണ്. കൂടാതെ, ഉയർന്ന ഉദ്യോഗസ്ഥർക്ക് കുടിശ്ശിക പണമായി നൽകിയപ്പോൾ, ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശ്ശിക അനുവദിക്കാൻ ധനമന്ത്രി തയ്യാറായിട്ടില്ല. നിലവിൽ 18% ക്ഷാമബത്ത കുടിശ്ശികയാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കാനുള്ളത്.
കേന്ദ്രം 2025 ജൂലൈ പ്രാബല്യത്തിലെ ക്ഷാമബത്ത സെപ്റ്റംബറിൽ പ്രഖ്യാപിക്കും. 3 ശതമാനം ക്ഷാമബത്ത ആയിരിക്കും പ്രഖ്യാപിക്കുക. ഇതോടെ കേരളത്തിലെ ക്ഷാമബത്ത കുടിശിക 21 ശതമാനമായി ഉയരും. രാജ്യത്ത് വിലകയറ്റത്തിലും ക്ഷാമബത്ത കുടിശികയിലും ഒന്നാം സ്ഥാനത്ത് തുടരുകയാണ് കേരളം.