
അബുദാബി: പ്രായപൂർത്തിയാകാത്ത മകൻ കാർ മോഷ്ടിച്ച് അപകടമുണ്ടാക്കിയതിന് പിതാവിന് കനത്ത തുക പിഴയിട്ട് അബുദാബി കോടതി. ലൈസൻസില്ലാതെ കാറോടിച്ച് അപകടമുണ്ടാക്കി വാഹനം പൂർണ്ണമായും നശിപ്പിച്ചതിന് 74,081 ദിർഹം (ഏകദേശം 16.8 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാനാണ് കോടതി പിതാവിനോട് ഉത്തരവിട്ടത്.
പതിനാറ് വയസ്സിൽ താഴെ പ്രായമുള്ള കൗമാരക്കാരൻ, ഉടമയുടെ അനുവാദമില്ലാതെ കാറെടുത്ത് അശ്രദ്ധമായി ഓടിച്ച് അപകടത്തിൽപ്പെടുത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം ഉപയോഗിക്കാൻ കഴിയാത്തവിധം തകർന്നു. ഇതേത്തുടർന്നാണ് കാറിന്റെ ഉടമ സിവിൽ കോടതിയെ സമീപിച്ചത്.
വാഹനത്തിന്റെ നഷ്ടം, 18 മാസത്തിലേറെയായി വാടകയ്ക്ക് എടുത്ത മറ്റൊരു വാഹനത്തിന്റെ ചെലവ്, കേടുപാടുകൾ സംഭവിച്ച കാർ വിട്ടുകിട്ടാനുള്ള ഫീസ് എന്നിവയെല്ലാം ചേർത്ത് രണ്ട് ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഉടമ കേസ് ഫയൽ ചെയ്തത്. കുട്ടിയുടെ നിയമപരമായ രക്ഷിതാവ് എന്ന നിലയിൽ പിതാവിനെതിരെയായിരുന്നു കേസ്.
നേരത്തെ, ഈ കേസിൽ ജുവനൈൽ കോടതിയിൽ വിചാരണ നേരിട്ട കൗമാരക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു. ഈ വിധി അന്തിമമായതോടെയാണ് ഉടമ നഷ്ടപരിഹാരത്തിനായി സിവിൽ കോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച സിവിൽ കോടതി, നാശനഷ്ടം വിലയിരുത്താൻ ഒരു വിദഗ്ദ്ധനെ നിയമിച്ചു. വിദഗ്ദ്ധ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, വാഹനത്തിന്റെ നഷ്ടം കണക്കാക്കി 74,081.50 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു. കോടതിച്ചെലവുകളും പിതാവ് വഹിക്കണം. അതേസമയം, വാടകയ്ക്ക് കാർ എടുത്തതിന് കൃത്യമായ രേഖകൾ (വാടക ഇൻവോയ്സുകൾ) ഹാജരാക്കാത്തതിനാൽ ആ ഇനത്തിലുള്ള നഷ്ടപരിഹാര ആവശ്യം കോടതി തള്ളി.