News

സതീശനെ ക്ഷണിച്ച് എസ്.എൻ.ഡി.പി; പിണക്കമില്ലെന്നും ക്ഷണം വെള്ളാപ്പള്ളി അറിയാതെയാവില്ലെന്നും പ്രതിപക്ഷ നേതാവ്

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എസ്.എൻ.ഡി.പി യോഗം വേദിയിലേക്ക്. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിലേക്കാണ് സതീശന് ക്ഷണം ലഭിച്ചിരിക്കുന്നത്. സമീപകാലത്ത് വെള്ളാപ്പള്ളിയുടെ ചില പ്രസ്താവനകളോട് പ്രതിപക്ഷ നേതാവിന്റെ പ്രതികരണവും തിരിച്ച് വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ച വെല്ലുവിളിക്കും ശേഷമുള്ള ഈ ക്ഷണം കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 98 സീറ്റുകൾ നേടി അധികാരത്തിലെത്തിയാൽ താൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയാമെന്നും, മറിച്ചായാൽ സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും വെള്ളാപ്പള്ളി നടേശൻ വെല്ലുവിളിച്ചിരുന്നു. ഈ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും സതീശൻ തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അനുരഞ്ജനത്തിന്റെ സൂചന നൽകി എസ്.എൻ.ഡി.പി വേദിയിൽ നിന്നും സതീശന് ക്ഷണം ലഭിക്കുന്നത്.

പരിപാടിയിൽ പങ്കെടുക്കുമെന്ന് വി.ഡി സതീശൻ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. “എറണാകുളത്ത് രണ്ടിടങ്ങളിൽ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ട്. തനിക്ക് വെള്ളാപ്പള്ളി നടേശനുമായി വ്യക്തിപരമായ പിണക്കങ്ങളൊന്നുമില്ല. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ യൂണിയൻ ഭാരവാഹികൾ എന്നെ ക്ഷണിക്കുമെന്ന് കരുതുന്നില്ല. അതിനാൽ പരിപാടിയിൽ തീർച്ചയായും പങ്കെടുക്കും. പ്രത്യേക വിഷയങ്ങളിലുള്ള നിലപാടുകളാണ് താൻ മുൻപ് വ്യക്തമാക്കിയത്,” സതീശൻ കൂട്ടിച്ചേർത്തു.

സെപ്റ്റംബർ ഏഴിന് എറണാകുളത്താണ് ചടങ്ങ് നടക്കുക. വെള്ളാപ്പള്ളി നടേശനുമായി നിലനിന്നിരുന്ന അകൽച്ച കുറയുന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ ക്ഷണം നൽകുന്നത്. വരും ദിവസങ്ങളിൽ ഇത് കേരള രാഷ്ട്രീയത്തിൽ എന്ത് ചലനങ്ങളുണ്ടാക്കുമെന്ന് കാത്തിരുന്ന് കാണാം.