
കൊല്ലം: ജില്ലയെ നടുക്കിയ ക്രൂരമായ സംഭവത്തിൽ, 65 വയസ്സുള്ള വയോധികയെ ബലാത്സംഗം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മീയന്നൂർ പുന്നക്കോട് സ്വദേശി അനൂജ് (24) ആണ് കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായത്. ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന വയോധികയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.
വെള്ളിയാഴ്ച രാവിലെ വാക്കനാട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി മടങ്ങുകയായിരുന്നു വയോധിക. വീട്ടിലേക്കുള്ള യാത്രാമധ്യേ കാഞ്ഞിരത്തിങ്കൽ വള്ളക്കടവിന് സമീപമുള്ള വിജനമായ സ്ഥലത്ത് വെച്ച് അനൂജ് ഇവരെ കടന്നുപിടിക്കുകയും ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. കൃത്യത്തിന് ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ആക്രമണത്തിന്റെ ഞെട്ടലിലും വയോധിക ധൈര്യം കൈവിടാതെ ഉടൻതന്നെ മകളെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. മകൾ ഉടൻ കണ്ണനല്ലൂർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം അതിവേഗം സ്ഥലത്തെത്തി. വയോധികയിൽ നിന്ന് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച പൊലീസ്, വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ ഊർജ്ജിതമാക്കി.
മണിക്കൂറുകൾക്കകം പഞ്ചായത്ത് മുക്കിന് സമീപമുള്ള ശ്മശാനത്തിന് പരിസരത്ത് ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.