FinanceNews

ജിഎസ്ടി ഘടന മാറുന്നു: വില കുറയും, ഇനി രണ്ട് പ്രധാന നികുതി നിരക്കുകൾ; കേന്ദ്ര നിർദ്ദേശം സമർപ്പിച്ചു

ന്യൂഡൽഹി: രാജ്യത്തെ ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിൽ വൻ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. നിലവിലെ നാല് സ്ലാബുകൾക്ക് പകരം ‘സ്റ്റാൻഡേർഡ്’, ‘മെറിറ്റ്’ എന്നിങ്ങനെ രണ്ട് പ്രധാന നിരക്കുകളുള്ള പുതിയ ഘടന കേന്ദ്ര ധനമന്ത്രാലയം നിർദ്ദേശിച്ചു. തിരഞ്ഞെടുത്ത ഏതാനും ഉൽപ്പന്നങ്ങൾക്ക് പ്രത്യേക നിരക്കുകളും ഉണ്ടാകും. ഈ സാമ്പത്തിക വർഷം തന്നെ “അടുത്ത തലമുറ” ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇത് നിത്യോപയോഗ സാധനങ്ങളുടെ നികുതി ഭാരം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

നിലവിൽ 5%, 12%, 18%, 28% എന്നിങ്ങനെ നാല് തട്ടുകളിലായാണ് ജിഎസ്ടി ഈടാക്കുന്നത്. അവശ്യസാധനങ്ങൾക്ക് കുറഞ്ഞ നിരക്കും ആഡംബര വസ്തുക്കൾക്ക് ഉയർന്ന നിരക്കുമാണ് ചുമത്തുന്നത്. ഇതിന് പുറമെ, പാൻ മസാല, കാറുകൾ തുടങ്ങിയവയ്ക്ക് നഷ്ടപരിഹാര സെസ്സും ഈടാക്കുന്നുണ്ട്. പുതിയ നിർദ്ദേശപ്രകാരം നികുതി ഘടന ലളിതമാക്കുകയും അതുവഴി വില കുറയ്ക്കുകയും ഉപഭോഗം വർദ്ധിപ്പിക്കുകയുമാണ് സർക്കാർ ലക്ഷ്യം.

79-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ, നികുതി ഭാരം കുറയ്ക്കുന്ന പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ അണിയറയിലാണെന്നും ഇത് പൗരന്മാർക്കുള്ള ദീപാവലി സമ്മാനമായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനമന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ നിരക്ക് യുക്തിസഹമാക്കുന്നതിനുള്ള മന്ത്രിതല സമിതിക്ക് (GoM) സമർപ്പിച്ചത്.

ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സെപ്റ്റംബറിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗം ഈ നിർദ്ദേശങ്ങൾ ചർച്ച ചെയ്യും. ഘടനാപരമായ പരിഷ്കാരങ്ങൾ, നിരക്ക് യുക്തിസഹമാക്കൽ, ജീവിതം സുഗമമാക്കൽ എന്നീ മൂന്ന് തൂണുകളിലാണ് പുതിയ നിർദ്ദേശങ്ങൾ ഊന്നൽ നൽകുന്നത്.

ചെറുകിട വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും എളുപ്പത്തിൽ ജിഎസ്ടി രജിസ്ട്രേഷൻ സാധ്യമാക്കുക, മുൻകൂട്ടി പൂരിപ്പിച്ച റിട്ടേണുകൾ നൽകുക, കയറ്റുമതിക്കാർക്കുള്ള റീഫണ്ടുകൾ വേഗത്തിലാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. 2026 മാർച്ച് 31-ന് നഷ്ടപരിഹാര സെസ്സ് കാലാവധി അവസാനിക്കുന്നതോടെയുണ്ടാകുന്ന സാമ്പത്തിക ഇടം പുതിയ പരിഷ്കാരങ്ങൾക്ക് കൂടുതൽ വഴിയൊരുക്കുമെന്നും ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.