News

ആലപ്പുഴയിൽ ട്രെയിനിലെ ശുചിമുറിയിൽ ഭ്രൂണം; റെയിൽവേ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

ആലപ്പുഴ: നഗരത്തിലെ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയിൽ നിന്ന് ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ജാർഖണ്ഡിലെ ധൻബാദിൽ നിന്ന് ആലപ്പുഴ വരെ സർവീസ് നടത്തുന്ന ധൻബാദ്-ആലപ്പുഴ എക്സ്പ്രസിന്റെ (13351) ശുചിമുറിയിലെ വേസ്റ്റ് ബിന്നിലാണ് നാലുമാസം പ്രായം തോന്നിക്കുന്ന ഭ്രൂണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം പുറത്തറിയുന്നത്. ധൻബാദിൽ നിന്നും യാത്ര അവസാനിപ്പിച്ച് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ ശുചീകരണത്തിനെത്തിയ തൊഴിലാളികളാണ് ഒരു ബോഗിയിലെ ശുചിമുറിയിൽ ഭ്രൂണം ആദ്യം കണ്ടത്. ഇവർ ഉടൻ തന്നെ റെയിൽവേ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ റെയിൽവേ പോലീസ് സംഘം, ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ വിശദമായ പരിശോധന നടത്തി. ഭ്രൂണത്തിന് ഏകദേശം നാലുമാസത്തെ വളർച്ചയുണ്ടെന്നാണ് പ്രാഥമിക നിഗമനം. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി.

ആരാണ് ഭ്രൂണം ഉപേക്ഷിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം റെയിൽവേ പോലീസ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി, ഭ്രൂണം കണ്ടെത്തിയ കോച്ചിൽ യാത്ര ചെയ്ത യാത്രക്കാരുടെ വിവരങ്ങൾ പോലീസ് ശേഖരിക്കും. റിസർവേഷൻ ചാർട്ടുകൾ പരിശോധിച്ച് ഈ കോച്ചിലെ യാത്രക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. ട്രെയിൻ കടന്നുപോയ പ്രധാന സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.

അന്വേഷണ നടപടികളുടെ ഭാഗമായി ഭ്രൂണം കണ്ടെത്തിയ ബോഗി ട്രെയിനിൽ നിന്ന് വേർപെടുത്തിയിട്ടുണ്ട്. ബാക്കി ബോഗികളുമായി ധൻബാദ് എക്സ്പ്രസ് വെള്ളിയാഴ്ച രാവിലെ ആലപ്പുഴയിൽ നിന്ന് തിരികെ സർവീസ് ആരംഭിച്ചു.