
തിരുവനന്തപുരം: ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഹരിതകർമ്മസേനാംഗമായ ബിൻസിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവും നിർമ്മാണത്തൊഴിലാളിയുമായ സുനിലിനെ നേമം പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ ഫോണിൽ സംസാരിക്കുന്നത് കണ്ടതിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിന് മൊഴി നൽകി.
ഇന്നലെ രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സ്ഥിരം മദ്യപാനിയായ സുനിൽ രാത്രി വീട്ടിലെത്തിയപ്പോൾ ബിൻസി ഫോണിൽ സംസാരിക്കുകയായിരുന്നു. ഇത് കണ്ടതോടെ സുനിൽ പ്രകോപിതനാവുകയും സംശയത്തിന്റെ പേരിൽ ബിൻസിയെ ആക്രമിക്കുകയുമായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ ബിൻസി രക്തം വാർന്ന് മരിച്ചു.
ഇന്ന് രാവിലെ സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഴുത്തിൽ വെട്ടേറ്റ് കിടക്കുന്ന നിലയിൽ ബിൻസിയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പോലീസെത്തി പ്രതിയായ സുനിലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊല്ലപ്പെട്ട ബിൻസി ഹരിത കർമ്മസേനയിലെ സജീവ പ്രവർത്തകയായിരുന്നു. പ്രതിയായ സുനിലിനെ നേമം പോലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ബിൻസിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.