
നബിദിനം 2025: കുവൈത്തിൽ സെപ്റ്റംബർ 4-ന് പൊതു അവധി; വാരാന്ത്യമുൾപ്പെടെ 3 ദിവസം അവധി
കുവൈത്ത് സിറ്റി: മുഹമ്മദ് നബിയുടെ ജന്മദിനം (നബിദിനം) പ്രമാണിച്ച് കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. 2025 സെപ്റ്റംബർ 4 വ്യാഴാഴ്ച രാജ്യത്തെ എല്ലാ സർക്കാർ മന്ത്രാലയങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് മന്ത്രിസഭായോഗം അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ചതോടെ, രാജ്യത്തെ പൊതുമേഖലയ്ക്ക് വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങൾ ഉൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും. സെപ്റ്റംബർ 7 ഞായറാഴ്ച മുതൽ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തനം പുനരാരംഭിക്കുമെന്നും മന്ത്രിസഭാ തീരുമാനം വ്യക്തമാക്കി.
അതേസമയം, പ്രത്യേക സ്വഭാവത്തോടെ പ്രവർത്തിക്കുന്ന അടിയന്തര സേവന വിഭാഗങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കും പൊതുതാൽപ്പര്യം കണക്കിലെടുത്ത് അതാത് അധികാരികളുടെ അനുമതിയോടെ സ്വന്തം പ്രവൃത്തിദിനങ്ങൾ ക്രമീകരിക്കാൻ അനുവാദമുണ്ട്. രാജ്യത്തെ മുസ്‌ലിം സമൂഹം ഏറെ പ്രാധാന്യത്തോടെ കാണുന്ന ദിനമാണ് പ്രവാചകന്റെ ജന്മദിനം.