
കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി നിർമ്മിച്ച വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചു. മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. അതീവ ഗുരുതരാവസ്ഥയിൽ നിരവധിപ്പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ആശങ്ക ശക്തമാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. കഠിനമായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഏകദേശം 15-ഓളം പ്രവാസികളെ ഫർവാനിയ, അദാൻ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇവരിൽ പത്തുപേർ മരണത്തിന് കീഴടങ്ങിയത്. അഹമ്മദി ഗവർണറേറ്റിലും സമാനമായ രീതിയിൽ വിഷബാധയേറ്റ നിരവധിപ്പേർ ഗുരുതരാവസ്ഥയിലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രാഥമിക അന്വേഷണത്തിൽ തന്നെ മദ്യത്തിൽ നിന്നുള്ള വിഷബാധയാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ജലീബ് അൽ-ഷുയൂഖ് ബ്ലോക്ക് നാലിൽ നിന്നാണ് ഇവർ മദ്യം വാങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണങ്ങൾ വരുന്നതോടെ മാത്രമേ മരിച്ചവരുടെ പേരുവിവരങ്ങൾ അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ.