
കൊച്ചി: മലയാള സിനിമയിലും ടെലിവിഷൻ അവതരണ രംഗത്തും ഒരുപോലെ തിളങ്ങിനിന്ന താരമാണ് ജുവൽ മേരി. മമ്മൂട്ടിക്കൊപ്പം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുകയും പ്രമുഖ അവാർഡ് നിശകളിലെ സ്ഥിരം അവതാരകയായി മാറുകയും ചെയ്ത ജുവൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ആ ഇടവേളയുടെ പിന്നിൽ ആരും അറിയാത്ത, വേദനാജനകമായ ഒരു അതിജീവനത്തിന്റെ കഥയുണ്ടായിരുന്നുവെന്ന് തുറന്നുപറയുകയാണ് താരം ഇപ്പോൾ. കഠിനമായ വിവാഹമോചന നിയമപോരാട്ടവും അതിന് തൊട്ടുപിന്നാലെ വന്ന ക്യാൻസർ രോഗനിർണയവും തന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്ന് ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ ജുവൽ വിശദീകരിച്ചു.
കഠിനമായ നിയമപോരാട്ടം
2015-ലായിരുന്നു ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറായ ജെൻസൺ സഖറിയയുമായുള്ള ജുവൽ മേരിയുടെ വിവാഹം. “അറേഞ്ച്ഡ് കം ലവ് മാര്യേജ്” എന്ന് താരം തന്നെ വിശേഷിപ്പിച്ച ആ ബന്ധം 2021-ൽ അവസാനിച്ചു. എന്നാൽ 2024-ലാണ് വിവാഹമോചനം നിയമപരമായി സാധുവായത്. ആ വേർപിരിയൽ അത്ര എളുപ്പമായിരുന്നില്ലെന്ന് ജുവൽ പറയുന്നു.
“വിവാഹമോചനം എളുപ്പമാണെന്ന് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ എന്റെ കാര്യത്തിൽ അതായിരുന്നില്ല യാഥാർത്ഥ്യം. കഠിനമായി പോരാടിയാണ് ഞാൻ ജയിച്ചത്. മൂന്നോ നാലോ വർഷം നീണ്ട നിയമപോരാട്ടമായിരുന്നു അത്. പരസ്പര സമ്മതത്തോടെയാണെങ്കിൽ ആറുമാസം കൊണ്ട് നടപടികൾ പൂർത്തിയാക്കാം. അതിനായി ഞാൻ ഒരുപാട് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ അതൊരു പോരാട്ടം തന്നെയായി മാറി,” ജുവൽ വെളിപ്പെടുത്തി.
വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ, ജീവിതം ആഘോഷിക്കാൻ തന്നെ ജുവൽ തീരുമാനിച്ചു. “ഇനിയെങ്കിലും ജീവിതം ആസ്വദിക്കണമെന്ന് ഞാൻ കരുതി. അങ്ങനെ ലണ്ടനിലെ ഒരു ഷോയ്ക്ക് പോയി. ഒരു മാസം അവിടെ ചെലവഴിച്ചു. എൻ്റെ സുഹൃത്തുക്കളോടൊപ്പം ഇംഗ്ലണ്ട്, അയർലൻഡ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെല്ലാം തനിച്ച് യാത്ര ചെയ്തു. അതൊരു വലിയ സന്തോഷമായിരുന്നു. എന്റെ ആ വർഷത്തെ ജന്മദിനം ലണ്ടനിലായിരുന്നു ആഘോഷിച്ചത്. കയ്യിലുണ്ടായിരുന്ന പണമെല്ലാം തീർത്താണ് ഞാൻ നാട്ടിലേക്ക് മടങ്ങിയത്. ഇനിയും ജോലി ചെയ്ത് പണമുണ്ടാക്കാമെന്ന് എനിക്കറിയാമായിരുന്നു.”
അപ്രതീക്ഷിതമായി വന്ന രോഗം
ഏഴ് വർഷമായി തനിക്ക് തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ജുവൽ പറയുന്നു. പെട്ടെന്ന് ശരീരഭാരം കൂടുകയും കുറയുകയും ചെയ്യുമായിരുന്നു. അതിനൊപ്പം മാനസിക സമ്മർദ്ദവും പിസിഒഡിയും അലട്ടിയിരുന്നു. ഒരു സാധാരണ പരിശോധനയ്ക്കായാണ് ആശുപത്രിയിൽ പോയത്.
“തുടർച്ചയായി ചുമയ്ക്കുമ്പോൾ കഫം വരുന്ന ഒരു പ്രശ്നമുണ്ടായിരുന്നു. ഒരു അവതാരക എന്ന നിലയിൽ ശബ്ദം നിരന്തരം ഉപയോഗിക്കുന്നതുകൊണ്ടാവാം അതെന്നാണ് ഞാൻ കരുതിയത്. ഡോക്ടർ ഒരു സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചു. ഞാൻ ബിഎസ്സി നഴ്സിംഗ് പഠിച്ചതുകൊണ്ട് സ്കാൻ റിപ്പോർട്ട് കണ്ടപ്പോൾ തന്നെ കാര്യങ്ങൾ ഏകദേശം മനസ്സിലായി. അവർ മാർക്ക് ചെയ്യുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് പന്തികേട് തോന്നി. എൻ്റെ കാലുകൾ തണുത്തുറഞ്ഞു. അവരുടെ മുഖഭാവം മാറി. ബയോപ്സി ചെയ്യണമെന്ന് അവർ പറഞ്ഞു. ഭയം കൊണ്ട് ഞാൻ ആദ്യം വിസമ്മതിച്ചു. പക്ഷെ അത് അത്യാവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു. അത് ക്യാൻസർ ആകാമെന്ന് ഡോക്ടർ സൂചന നൽകിയിരുന്നു,” ജുവൽ ഓർത്തെടുത്തു.
ബയോപ്സി ഫലം വരാൻ 15 ദിവസമെടുത്തു. ആ ദിവസങ്ങളിൽ ജീവിതം നിശ്ചലമായതുപോലെ തോന്നിയെന്ന് താരം പറയുന്നു. ഫലം വന്നപ്പോൾ ഒരിക്കൽ കൂടി ഉറപ്പിക്കാനായി വീണ്ടും ബയോപ്സി ചെയ്തു. “ഈ സമയത്തെല്ലാം കുടുംബത്തിന് മുന്നിൽ ഞാൻ ഒരു ഭയവും കാണിച്ചില്ല, കരുത്തോടെ നിന്നു. രണ്ടാമത്തെ ഫലം വന്നപ്പോൾ എനിക്ക് അപകടം മനസ്സിലായി.”
അതിജീവനവും തിരിച്ചുവരവും
ഫെബ്രുവരിയിൽ ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ജുവൽ വിധേയയായി. സർജറിക്ക് ശേഷം താരത്തിന് പൂർണ്ണമായി ശബ്ദം നഷ്ടപ്പെട്ടു. “ആറുമാസം എടുക്കുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എൻ്റെ ഇടതു കൈയ്ക്കും ബലക്കുറവുണ്ടായി. ഫിസിയോയും മറ്റ് തെറാപ്പികളും വേണ്ടിവന്നു. ഇൻഷുറൻസ് ഇല്ലാതിരുന്നതിനാൽ ചികിത്സയ്ക്കായി കയ്യിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം ചെലവഴിക്കേണ്ടി വന്നു.”
ആറു മാസത്തിനു ശേഷം നടത്തിയ പരിശോധനയിലാണ് ആശ്വാസവാക്ക് കേട്ടത്. “ഡോക്ടർ റിപ്പോർട്ട് നോക്കിയ ശേഷം പറഞ്ഞു, ‘അഭിനന്ദനങ്ങൾ, നിങ്ങൾ ക്യാൻസർ മുക്തയായിരിക്കുന്നു.’ ആ നിമിഷം എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. ഇപ്പോൾ ഓരോ ആറുമാസം കൂടുമ്പോഴും തുടർപരിശോധനകൾ നടത്തണം,” ജുവൽ കൂട്ടിച്ചേർത്തു.
‘ഡി ഫോർ ഡാൻസ്’ എന്ന റിയാലിറ്റി ഷോയിലൂടെ അവതാരകയായി ശ്രദ്ധ നേടിയ ജുവൽ, ‘പത്തേമാരി’, ‘ഉട്ടോപ്യയിലെ രാജാവ്’ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ നായികയായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒരേ മുഖം, തൃശിവപേരൂർ ക്ലിപ്തം, ഞാൻ മേരിക്കുട്ടി, മാമനിതൻ, പാപ്പൻ, ആൻ്റണി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ‘ഗെറ്റ്-സെറ്റ് ബേബി’യാണ് ജുവൽ മേരിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.