MediaNews

ദേശാഭിമാനിക്ക് 15 ലക്ഷം രൂപ അനുവദിച്ച് സർക്കാർ; വിനിയോഗ സർട്ടിഫിക്കറ്റ് മൂന്ന് മാസത്തിനകം മതിയെന്ന് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ദേശാഭിമാനി ഓൺലൈൻ മലയാളം പത്രത്തിന് പരസ്യം നൽകുന്നതിനായി 15 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ടൂറിസം വകുപ്പാണ് തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് (G.O.(Rt) No.493/2025/TSM) പുറത്തിറക്കിയത്.

ദേശാഭിമാനി പബ്ലിക്കേഷൻസിന്റെ ഡിജിറ്റൽ മീഡിയ അസിസ്റ്റന്റ് മാനേജർ നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി. ഈ നിർദ്ദേശത്തിന് ടൂറിസം ഡയറക്ടർ ശുപാർശ നൽകിയിരുന്നു. വിശദമായ പരിശോധനകൾക്ക് ശേഷമാണ് സർക്കാർ പരസ്യത്തിനായി പണം അനുവദിക്കാൻ തീരുമാനിച്ചത്. അനുവദിച്ച തുകയായ 15,00,000 രൂപയും ജിഎസ്ടിയും ടൂറിസം വകുപ്പിന്റെ മാർക്കറ്റിംഗ് വിഭാഗത്തിനായുള്ള ശീർഷകത്തിൽ (Head of Account 3452-80-104-98-00-34-03 PV Marketing (Plan)) നിന്നും വകയിരുത്തും.

ഓഗസ്റ്റ് 7, 2025 തീയതിയിൽ ഗവർണറുടെ ഉത്തരവ് പ്രകാരം ടൂറിസം വകുപ്പ് അഡീഷണൽ സെക്രട്ടറി ജഗദീഷ് ഡി ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പണം കൈപ്പറ്റി മൂന്ന് മാസത്തിനകം പരസ്യം നൽകിയത് സംബന്ധിച്ച വിനിയോഗ സർട്ടിഫിക്കറ്റ് (Utilization Certificate) ദേശാഭിമാനി പബ്ലിക്കേഷൻസ് ടൂറിസം ഡയറക്ടർക്ക് സമർപ്പിക്കണം. ഈ സർട്ടിഫിക്കറ്റിന്റെ ആധികാരികത ടൂറിസം ഡയറക്ടർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ കർശന നിർദ്ദേശമുണ്ട്.

ഉത്തരവിന്റെ പകർപ്പുകൾ ടൂറിസം ഡയറക്ടർക്കും ദേശാഭിമാനിക്കും തുടർനടപടികൾക്കായി കൈമാറിയിട്ടുണ്ട്. കൂടാതെ, പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ, സബ് ട്രഷറി ഓഫീസർ, ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവർക്കും പകർപ്പ് നൽകിയിട്ടുണ്ട്.