CrimeNews

യുവതിക്ക് നേരെ ലൈംഗികാതിക്രമം; മുൻ ഡിഎംഒ ഡോ. പി.എൻ രാഘവൻ അറസ്റ്റിൽ

പാലാ: ചികിത്സയ്‌ക്കെത്തിയ യുവതിയെ ലൈംഗികമായി അതിക്രമിച്ചെന്ന പരാതിയിൽ പ്രമുഖ ഡോക്ടറും മുൻ ജില്ലാ മെഡിക്കൽ ഓഫീസറുമായ പി.എൻ രാഘവൻ (70) അറസ്റ്റിൽ. പാലാ മുരിക്കുംപുഴയിലെ സ്വകാര്യ ക്ലിനിക്കിൽ വെച്ച് 24-കാരിയായ യുവതിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ് പാലാ പോലീസിന്റെ നടപടി.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ചികിത്സയ്ക്കായി ക്ലിനിക്കിലെത്തിയ തന്നെ ഡോ. രാഘവൻ ലൈംഗികമായി ഉപദ്രവിച്ചു എന്ന് യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയെത്തുടർന്ന് ഇന്ന് രാവിലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സർക്കാർ സർവ്വീസിൽ നിന്ന് ഡിഎംഒ ആയി വിരമിച്ച ശേഷം മുരിക്കുംപുഴയിൽ സ്വകാര്യ ക്ലിനിക്ക് നടത്തിവരികയായിരുന്നു ഡോ. രാഘവൻ. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ്റെ (കെ.ജി.എം.ഒ.എ) മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയാണ് അറസ്റ്റിലായ പി.എൻ രാഘവൻ.

പ്രദേശത്ത് ഏറെ അറിയപ്പെടുന്ന മുതിർന്ന ഡോക്ടറുടെ അറസ്റ്റ് പ്രാദേശികമായി വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഇയാളെ വൈകുന്നേരത്തോടെ പാലാ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.