
തൃശൂർ: ഓൺലൈൻ ഷോപ്പിംഗ് സൈറ്റിന്റെ പേരിൽ നടത്തിയ ലക്കി ഡ്രോ തട്ടിപ്പിലൂടെ ചെന്ത്രാപ്പിന്നി സ്വദേശിക്ക് നഷ്ടമായത് ഒന്നരക്കോടിയിലധികം രൂപ. സംഭവത്തിൽ മുംബൈ സ്വദേശികളായ രണ്ടുപേരെ തൃശൂർ റൂറൽ സൈബർ പോലീസ് മുംബൈയിൽ വെച്ച് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശികളായ മുഹമ്മദ് ഹസ്സൻ ഹാനിഫ് സെയ്ദ് (23), അൻസാരി മുഹമ്മദ് സിംബാദ് ഹൈദർ (24) എന്നിവരാണ് പിടിയിലായത്.
2023 മാർച്ചിലാണ് കേസിനാസ്പദമായ തട്ടിപ്പിന്റെ തുടക്കം. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ നാപ്റ്റോളിന്റെ പേരിൽ ലഭിച്ച പാർസലിലെ സ്ക്രാച്ച് കാർഡിൽ, മാരുതി സ്വിഫ്റ്റ് ഡിസയർ കാറും 8,60,000 രൂപയും സമ്മാനമായി ലഭിച്ചതായി ചെന്ത്രാപ്പിന്നി സ്വദേശി കണ്ടു. ഇത് വിശ്വസിച്ച അദ്ദേഹം, തട്ടിപ്പുസംഘം നൽകിയ നമ്പറിൽ ബന്ധപ്പെടുകയും തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ, പാൻ കാർഡ് എന്നിവ വാട്സാപ്പ് വഴി കൈമാറുകയും ചെയ്തു.
സമ്മാനം ലഭിച്ചെന്ന് പൂർണമായി വിശ്വസിപ്പിച്ച പ്രതികൾ, കാറിന് പകരം 8,20,000 രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന്, രജിസ്ട്രേഷൻ ഫീസ്, ജി.എസ്.ടി., ഇൻകം ടാക്സ്, സർക്കാർ അനുമതി എന്നിങ്ങനെ വിവിധ കാരണങ്ങൾ പറഞ്ഞ് പലതവണകളായി പണം തട്ടുകയായിരുന്നു.
അടയ്ക്കുന്ന തുകയെല്ലാം തിരികെ ലഭിക്കുമെന്ന (റീഫണ്ടബിൾ) വാഗ്ദാനത്തിലായിരുന്നു പരാതിക്കാരൻ വീണുപോയത്. 2023 മാർച്ച് 15 മുതൽ ജൂൺ 16 വരെയുള്ള മൂന്ന് മാസ കാലയളവിൽ 1,61,52,750 രൂപയാണ് ഇവർ തട്ടിയെടുത്തത്.
പിടിയിലായ പ്രതികൾ തട്ടിപ്പ് ശൃംഖലയിലെ പ്രധാന കണ്ണികളാണെന്ന് പോലീസ് കണ്ടെത്തി. മുഹമ്മദ് ഹസ്സൻ ഹാനിഫ് സെയ്ദ് തട്ടിയെടുത്ത പണത്തിൽ നിന്ന് 14 ലക്ഷത്തോളം രൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റി പ്രധാന പ്രതികൾക്ക് കൈമാറി. ഇതിന് 2,000 രൂപ കമ്മീഷൻ കൈപ്പറ്റി.
അൻസാരി മുഹമ്മദ് സിംബാദ് ഹൈദർ 10 ലക്ഷത്തോളം രൂപയും സമാനമായ രീതിയിൽ കൈമാറ്റം ചെയ്തു. ഇയാൾ തന്റെ അഞ്ച് സുഹൃത്തുക്കളുടെ പേരിൽ അക്കൗണ്ടുകൾ എടുപ്പിച്ച് തട്ടിപ്പിനായി ഉപയോഗിക്കുകയും 30,000 രൂപ കമ്മീഷൻ വാങ്ങുകയും ചെയ്തതായി കണ്ടെത്തി. ഇയാൾക്ക് വിവിധ ബാങ്കുകളിലായി 13 അക്കൗണ്ടുകളുണ്ട്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സൈബർ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.